തമിഴിലും മലയാളത്തിലും ഏറെ ആരാധകരുള്ള സംവിധായകനാണ് ഗൗതം മേനോൻ. വാരണം ആയിരം മുതൽ നിരവധി സിനിമകളാണ് ജി.വി.എമ്മിന്റേതായി ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്. ജി.വി.എമ്മിന്റെ ഭൂരിഭാഗം സിനിമകളിലെയും ഏറ്റവും വലിയ ഹൈലെെറ്റ് സംഗീത സംവിധായകൻ ഹാരിസ് ജയരാജിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ്. എന്നാൽ വാരണം ആയിരത്തിന് ശേഷം ഗൗതം മേനോനും ഹാരിസ് ജയരാജും തമ്മിൽ അകൽച്ചയുണ്ടായി. പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണിപ്പോൾ ഗൗതം മേനോൻ.
'വാരണം ആയിരത്തിന് ശേഷം ഞാൻ റഹ്മാൻ സർക്കൊപ്പം വർക്ക് ചെയ്യാൻ തുടങ്ങി. അദ്ദേഹം സംഗീത സംവിധാനം ചെയ്ത റോജ, ബോംബെ തുടങ്ങിയ സിനിമകളിലെ പാട്ടുകൾ ഇറങ്ങി അടുത്ത ദിവസം തന്നെ വരിയിൽ നിന്ന് കാസറ്റ് വാങ്ങി കേട്ടയാളാണ് ഞാൻ. മിൻസാര കനവ് എന്ന ചിത്രത്തിൽ ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തിട്ടുണ്ട്. അന്ന് സ്റ്റുഡിയോയിൽ അദ്ദേഹത്തെ കാണാൻ വേണ്ടി ഏറെ ആഗ്രഹിച്ചതാണ്.
മിന്നലെയുടെ കഥ ആദ്യം റഹ്മാൻ സാറോടാണ് പറഞ്ഞത്. എന്നാൽ അന്ന് അദ്ദേഹത്തിന് നല്ല തിരക്കാണ്. ഹാരിസിനൊപ്പം ഒരു ആഡ് ഫിലിമിൽ ഞാൻ വർക്ക് ചെയ്തിരുന്നു. റഹ്മാൻ സർ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞതോടെ ഹാരിസിനൊപ്പം എന്റെ ജേർണി ആരംഭിച്ചു. വസീഗര കംപോസ് ചെയ്തപ്പോഴാണ് ഇതാണെന്റെ കംപോസറെന്ന് ഞാൻ തിരിച്ചറിഞ്ഞത്. പിന്നീടിങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മിന്നലെ, കാക്ക കാക്ക, വേട്ടയാട് വിളയാട് തുടങ്ങിയ സിനിമകൾ മുതൽ വാരണം ആയിരം വരെയും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു.
വാരണം ആയിരത്തിന്റെ സമയത്ത് ഒരു പ്രൊജക്ടിന് വേണ്ടി ഞാൻ റഹ്മാൻ സാറെ നോക്കുകയായിരുന്നു. വാരണം ആയിരം പോലെയാെരു ആൽബം ഒരാൾ തന്നിട്ടും എന്തിനാണ് അവരെ വിട്ട് വേറെവിടെയോ പോയതെന്ന് എന്റെ അടുത്ത സുഹൃത്തുക്കൾ പോലും ചോദിച്ചിട്ടുണ്ട്. കുറച്ച് കാലം ഹാരിസ് ജയരാജുമായി അകൽച്ചയുണ്ടായി. രണ്ട് മൂന്ന് സിനിമകൾ ഒരുമിച്ച് ചെയ്തില്ല. പിന്നീട് എന്നെ അറിന്താൽ എന്ന സിനിമയിൽ വീണ്ടും ഒരുമിച്ച് പ്രവർത്തിച്ചെന്നും ഗൗതം മേനോൻ ചൂണ്ടിക്കാട്ടി. ഞങ്ങളുടെ കുടുംബങ്ങൾക്ക് പരസ്പരം നന്നായി അറിയാമായിരുന്നു. എല്ലാവരും തങ്ങളെ വീണ്ടും ഒരുമിപ്പിച്ചെന്നും' ഗൗതം മേനോൻ വ്യക്തമാക്കി.