പുഷ്പ കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു നേട്ടം ഉണ്ടായിട്ടില്ലെന്ന് ഫഹദ് ഫാസിൽ; എന്നിട്ടും അഭിനയിച്ചത് ആ ഒറ്റ കാരണത്താൽ

നിഹാരിക കെ എസ്
ശനി, 7 ഡിസം‌ബര്‍ 2024 (17:20 IST)
‘പുഷ്പ 2’ ബോക്‌സ് ഓഫീസിൽ വലിയ നേട്ടങ്ങൾ കൊയ്യുന്നുണ്ടെങ്കിലും കേരളത്തിൽ വേണ്ട പോലെ ഓടിയിട്ടില്ല. ആദ്യദിനം വേൾഡ് വൈഡ് 294 കോടിയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്. തെലുങ്കിൽ ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്. എന്നാൽ, കേരളത്തിൽ മറിച്ച് ട്രോളുകളാണ് സിനിമയ്‌ക്കെതിരെ ഉയരുന്നത്. ചിത്രത്തിൽ ഭൻവൻ സിങ് ഷെഖാവത്ത് എന്ന വില്ലൻ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. ഫഹദ് ഫാസിലിന് വരെ ട്രോളാണ്.
 
പുഷ്പയിലെ തന്റെ വേഷത്തെ കുറിച്ച് ഫഹദ് മുമ്പ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പുഷ്പ സിനിമ കൊണ്ട് തനിക്ക് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടായിട്ടില്ല എന്നായിരുന്നു ഫഹദ് പറഞ്ഞത്. ഒരു അഭിമുഖത്തിലായിരുന്നു ഫഹദിന്റെ ഈ തുറന്നു പറച്ചിൽ. ”പുഷ്പ എന്ന ചിത്രം കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു നേട്ടം ഉണ്ടായെന്ന് കരുതുന്നില്ല.”
 
”ഇത് ഞാൻ പുഷ്പ സംവിധായകൻ സുകുമാർ സാറിനോട് തന്നെ പറഞ്ഞിട്ടുണ്ട്. അത് എനിക്ക് മറച്ച് വയ്‌ക്കേണ്ട കാര്യമില്ല, ഇതിൽ ഞാൻ സത്യസന്ധനായിരിക്കണം. ഇവിടെ ജോലി ചെയ്യുന്ന ആരോടും അനാദരവ് ഇല്ല. പ്രേക്ഷകർ പുഷ്പയിൽ എന്നിൽ നിന്ന് ഒരു മാജിക് പ്രതീക്ഷിക്കുന്നെങ്കിൽ അത് വേണ്ട. ഇത് പൂർണ്ണമായും സുകുമാർ സാറിനൊപ്പം ജോലി ചെയ്യുക എന്നത് മാത്രമാണ് ഉദ്ദേശം.”
 
”എന്റെ ജോലി എന്താണ് എന്നതിൽ എനിക്ക് വ്യക്തതയുണ്ട്” എന്നായിരുന്നു ഫഹദ് പറഞ്ഞത്. അതേസമയം, ഓപ്പണിങ് ദിനത്തിൽ കേരളത്തിൽ നിന്ന് മാത്രമായി 175.1 കോടി രൂപ കളക്ഷൻ നേടിയ പുഷ്പ 2 രണ്ടാം ദിനം 417 കോടി രൂപ വരെയാണ് കളക്ഷനായി നേടിയിരിക്കുന്നത്. ഈ വർഷം ഇന്ത്യൻ ബോക്‌സ് ഓഫീസ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ലോകമെമ്പാടുമുള്ള 10,000 സ്‌ക്രീനുകളിലായാണ് പ്രദർശനത്തിനെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article