ലൈക്ക പിന്മാറുകയാണെങ്കില്‍ അവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കി എമ്പുരാന്‍ ഏറ്റെടുക്കാമെന്ന് ഗോകുലം ഗോപാലന്‍ ആശീര്‍വാദ് സിനിമാസിനെ അറിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ വെച്ചാണ് ആദ്യ ചര്‍ച്ച നടന്നത്. എമ്പുരാനു വേണ്ടി ഇതുവരെ ചെലവഴിച്ച 70 കോടിക്കു പുറമേ നഷ്ടപരിഹാരവും ലൈക്ക ആവശ്യപ്പെട്ടിരുന്നു. ലൈക്ക ആവശ്യപ്പെടുന്നത് നല്‍കാന്‍ ശ്രീ ഗോകുലം മൂവീസ് തയ്യാറായി. ഇതോടെ പ്രതിസന്ധി അവസാനിച്ചു.
ലൈക്കയ്ക്ക് എമ്പുരാനുമായി ഇനി യാതൊരു ബന്ധവും ഉണ്ടാകില്ലെന്നാണ് വിവരം. തമിഴ്‌നാട്ടില്‍ മാത്രം ലൈക്ക വിതരണം ഏറ്റെടുക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ ഒരുതരത്തിലും എമ്പുരാന്റെ ഭാഗമായി തുടരാന്‍ ലൈക്ക ആഗ്രഹിക്കുന്നില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മാത്രമല്ല എമ്പുരാന്‍ ട്രെയ്‌ലര്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ലൈക്കയുടെ പേര് നീക്കി.