നടന്‍ ഷെയിന്‍ നിഗത്തെ നിര്‍മാതാവ് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതികരണവുമായി അമ്മയുടെ സെക്രട്ടറി ഇടവേള ബാബു. രണ്ട് പേരും വിഷയം പക്വതയോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നു. എല്ലാവര്‍ക്കും പഴയ കാലത്തെ പക്വതയില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആര്‍ക്കും ക്ഷമയില്ലെന്നും ഇടവേള ബാബു പറഞ്ഞു. എല്ലാവരെയും വിളിച്ച് ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെയില്‍ എന്ന ചിത്രത്തിന്‍റെ നിര്‍മാതാവ് ജോബി ജോര്‍ജ് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ഷെയിന്‍ നിഗം അമ്മക്ക് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയിലും ഷെയിന്‍ ഇക്കാര്യം വ്യക്തമാക്കി. കുപ്രചരണങ്ങള്‍ നടത്തുമെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ജോബി ജോര്‍ജ് തന്നോട് പറഞ്ഞതെന്ന് ഷെയിന്‍ നിഗം അമ്മ പ്രസിഡന്‍റിന് നല്‍കിയ കത്തില്‍ പറയുന്നു. ശബ്ദ സന്ദേശം സഹിതമാണ് ഷെയിന്‍ പരാതി നല്‍കിയത്.
എന്നാല്‍ ഷെയിന്‍ തന്റെ സിനിമക്ക് നൽകിയ സമയത്തിനിടയിൽ മറ്റൊരു സിനിമയിൽ കരാർ ഒപ്പിട്ടെന്നാണ് നിര്‍മാതാവിന്‍റെ വിശദീകരണം. നിർമാതാക്കളുടെ സംഘടനയിൽ പരാതി നൽകിയതിനെ തുടർന്ന് ഗെറ്റപ്പ് മാറ്റാതെ ആ സിനിമ ചെയ്യാം എന്ന് കരാർ ഒപ്പിട്ടു. ഇതിനിടയിൽ മുടി വെട്ടി. ചോദിച്ചപ്പോൾ മുടി വെട്ടുമ്പോൾ ഉറങ്ങിപ്പോയെന്നാണ് ഷെയിന്‍ പറഞ്ഞത്. 5 കോടി പോയ നിർമാതാവിന്റെ വിഷമത്തിലാണ് ശബ്ദസന്ദേശം അയച്ചതെന്നും ജോബി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.