Dulquer Salmaan: നല്ല ശ്രമങ്ങളെ മലയാളി എന്നും അംഗീകരിക്കും; ബുദ്ധിയുള്ളവർ; അവരെ സ്പൂണ്‍ ഫീഡ് ചെയ്യാന്‍ പറ്റില്ല: ദുല്‍ഖര്‍

നിഹാരിക കെ.എസ്

ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (08:16 IST)
വ്യത്യസ്തവും പുതുമയുള്ള സിനിമകള്‍ ചെയ്യാൻ ധൈര്യം നൽകുന്നത് മലയാളി പ്രേക്ഷകർ ആണെന്ന് ദുൽഖർ സൽമാൻ. അത്തരം സിനിമകൾക്ക് മലയാളികൾ നൽകുന്ന സ്വീകാര്യതയാണ് തങ്ങളെ കൊണ്ട് വീണ്ടും വ്യത്യസ്തമായ സിനിമകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്നും ദുൽഖർ പറഞ്ഞു. 
 
നല്ലത് ചെയ്താല്‍ മലയാളികള്‍ അംഗീകരിക്കും, തങ്ങളേക്കാള്‍ ബുദ്ധി അവര്‍ക്കുണ്ടെന്ന് അംഗീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും ദുല്‍ഖര്‍. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
 
''മലയാളത്തില്‍ നിന്നും ലഭിക്കുന്ന പ്രധാന പ്രോത്സാഹനം പ്രേക്ഷകരില്‍ നിന്നുമാണ്. നിങ്ങള്‍ വ്യത്യസ്തമായ എന്തെങ്കിലും, മുമ്പൊരിക്കലും ചെയ്യാത്തൊരു കാര്യം, ആത്മാര്‍ത്ഥവും സത്യസന്ധവുമായ ശ്രമം നടത്തിയാല്‍ അവര്‍ അത് അംഗീകരിക്കും. പ്രേക്ഷകരില്‍ നിന്നുമാണ് അതിനുള്ള ധൈര്യം ഞങ്ങള്‍ക്ക് ലഭിക്കുന്നത്'' ദുല്‍ഖര്‍ പറയുന്നു.
 
അതേസമയം മലയാളികള്‍ വളരെ ടഫ് ആയ പ്രേക്ഷകരുമാണ്. ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ അവരില്‍ നിന്നും പഠിച്ചിട്ടുണ്ട്. അവരെ സ്പൂണ്‍ ഫീഡ് ചെയ്യാന്‍ പറ്റില്ല. എല്ലായിപ്പോഴും അവരെ ഗസ് ചെയ്യാന്‍ വിടണം. അവര്‍ക്ക് നമ്മളേക്കാള്‍ ബുദ്ധിയിട്ടുണ്ട്. ആദ്യം അതാണ് നമ്മള്‍ വിശ്വസിക്കേണ്ടത് എന്നും ദുല്‍ഖര്‍ പറയുന്നു.
 
''പലപ്പോഴും നമ്മള്‍ സിനിമയെ സമീപിക്കുക, ഇതാണ് പ്രേക്ഷകര്‍ക്ക് വേണ്ടത്, ഇതാണ് വര്‍ക്കാകുന്നത് എന്ന ചിന്തയോടെയാണ്. എന്താണ് വര്‍ക്കാവുകയെന്നോ, എന്താണ് അവര്‍ക്ക് വേണ്ടതെന്നോ നമുക്കറിയില്ല. അങ്ങനെ ചെയ്താല്‍ അവരേക്കാള്‍ ബുദ്ധി നമുക്കുണ്ടെന്ന് ചിന്തിക്കലാകും. അത് സിനിമയെ ബാധിക്കും. വേണ്ടത്ര എഫേര്‍ട്ട് ഇടില്ല''.
 
പ്രേക്ഷകര്‍ക്ക് നമ്മളേക്കാള്‍ ബുദ്ധിയിട്ടുണ്ടെന്നും, നമ്മളേക്കാള്‍ അറിവുണ്ടെന്നും എല്ലാ ചെറിയ കാര്യങ്ങളും കണ്ടെത്താനും ഊഹിക്കാനും അവര്‍ക്ക് സാധിക്കുമെന്നുമാണ് എന്റെ വിശ്വാസം. ഇതാണ് ഇപ്പോള്‍ എന്റെ ബൈബിള്‍ വാചകം. കാന്തയില്‍ അങ്ങനെ പകുതി മാത്രം പറയുന്ന പല സീനുകളുണ്ട്. അത് എങ്ങനെയാണ് അവര്‍ തുറന്ന് കണ്ടെത്തുക എന്നറിയാനുള്ള ആകാംഷയുണ്ടെന്നും താരം പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍