കഥ പറഞ്ഞപ്പോഴേ മമ്മൂട്ടിയും മോഹൻലാലും യെസ് പറഞ്ഞു! പിറന്നത് ക്ലാസിക് സിനിമകൾ

നിഹാരിക കെ.എസ്

ബുധന്‍, 22 ജനുവരി 2025 (16:40 IST)
സംവിധായകൻ പത്മരാജനൊപ്പം സഹ സംവിധായകനായി ബ്ലെസി നിന്നത് 18 വർഷമാണ്. ബ്ലെസിയുടെ ആദ്യ സംവിധാന സംരംഭമാണ് കാഴ്ച. മമ്മൂട്ടി ആയിരുന്നു നായകൻ. മലയാളത്തിലെ ക്ലാസിക് സിനിമകൾ സംവിധാനം ചെയ്ത ബ്ലെസിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത് ആടുജീവിതമാണ്. ഇപ്പോഴിതാ, താൻ കടന്നുവന്ന വഴികളെ കുറിച്ച് പറയുകയാണ് ബ്ലെസി. 
 
കാഴ്ചയിലെ മാധവനെ കുറിച്ചും പളുങ്കിലെ മോനച്ചനെ കുറിച്ചും പറഞ്ഞപ്പോൾ തന്നെ മമ്മൂട്ടി അഭിനയിക്കാമെന്ന് സമ്മതം  മൂളുകയായിരുന്നുവെന്ന് ബ്ലെസി പറയുന്നു. അക്കാര്യത്തിൽ മോഹൻലാലും മമ്മൂട്ടിയെ പോലെ തന്നെ ആയിരുന്നുവെന്നാണ് അദ്ദേഹം ഓർത്തെടുക്കുന്നത്. തന്മാത്ര, ഭ്രമരം, പ്രണയം എന്നീ സിനിമകളെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ മോഹൻലാൽ യെസ് പറയുകയായിരുന്നു. നാന സിനിമ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
'1986 ൽ പത്മരാജൻ സാറിന്റെ അസിസ്റ്റന്റ് ആയ ഞാൻ പതിനെട്ടാമത്തെ വർഷമാണ് 2004 ൽ എന്റെ ആദ്യചിത്രമായ കാഴ്ച പുറത്തിറക്കിയത്. പിന്നീട് തന്മാത്ര, പളുങ്ക്, ഭ്രമരം, പ്രണയം, കൽക്കട്ട ന്യൂസ്, കളിമണ്ണ് തുടങ്ങിയ സിനിമകൾ ചെയ്തു. ആടുജീവിതം എന്റെ എട്ടാമത്തെ സിനിമയാണ്. 
 
കാഴ്ചയിലെ മാധവനെ കുറിച്ചും പളുങ്കിലെ മോനച്ചനെ കുറിച്ചും പറയുമ്പോൾ ആദ്യത്തെ സംസാരത്തിൽ തന്നെ മമ്മൂക്ക അഭിനയിക്കാമെന്ന് പറയുകയായിരുന്നു. അതുപോലെ തന്നെയായിരുന്നു ലാലേട്ടനും. തന്മാത്രയിലെ രമേശൻ നായരെയും ഭ്രമരത്തിലെ ശിവന്കുട്ടിയെയും പ്രണയത്തിലെ മാത്യൂസിനെയും കുറിച്ച് പറയുമ്പോൾ തന്നെ ലാലേട്ടൻ അഭിനയിക്കാമെന്ന് പറയുകയായിരുന്നു', ബ്ലെസി പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍