വിവാഹം പരമരഹസ്യമാക്കി വച്ചു, മലയാളി അറിയുന്നത് ടിവിയിലൂടെ; ദിലീപും കാവ്യയും ആദ്യം അറിയിച്ചത് മമ്മൂട്ടിയെ

ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (16:18 IST)
2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. അപ്രതീക്ഷിതമായിരുന്നു ഈ വിവാഹവാര്‍ത്ത. കേട്ടവരെല്ലാം ഞെട്ടി. ന്യൂസ് ചാനലുകളിലൂടെയാണ് ദിലീപ്-കാവ്യ വിവാഹത്തെ കുറിച്ച് മലയാളികള്‍ അറിയുന്നത് തന്നെ. വിവാഹത്തിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു ദിലീപ് കാവ്യ മാധവനെക്കുറിച്ച് പറഞ്ഞത്. രണ്ടാമതൊരു വിവാഹത്തിനായി തന്നെ നിര്‍ബന്ധിച്ചത് മകളാണെന്നും, തന്റെ പേരില്‍ ബലിയാടായ ആളെത്തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇവരോട് അടുപ്പമുള്ളവരൊഴികെ മറ്റുള്ളവരെല്ലാം വിവാഹത്തെക്കുറിച്ച് അറിഞ്ഞത് മുഹൂര്‍ത്തത്തിന് മുന്‍പായാണ്. സിനിമാരംഗത്തെ പലരും വിവാഹത്തിനു മണിക്കൂറുകള്‍ മുന്‍പാണ് കാര്യം അറിയുന്നത് തന്നെ. ദിലീപ്-കാവ്യ വിവാഹത്തിനു ചുക്കാന്‍ പിടിച്ചത് മമ്മൂട്ടിയാണെന്നാണ് അന്ന് അറിയാന്‍ സാധിച്ചത്. വിവാഹം കഴിക്കാന്‍ തീരുമാനിച്ച വിവരം ദിലീപും കാവ്യയും മമ്മൂട്ടിയെ അറിയിക്കുകയായിരുന്നു. വിവാഹത്തിനായുള്ള സജ്ജീകരണങ്ങള്‍ അടക്കം മമ്മൂട്ടി ചെയ്തു നല്‍കി. മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ നേരിട്ടെത്തി ദിലീപിനും കാവ്യയ്ക്കും ആശംസകള്‍ നേര്‍ന്നിരുന്നു. 
 
മഞ്ജു വാര്യരുമായുള്ള 16 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചാണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചത്. ദിലീപ്-മഞ്ജു ബന്ധത്തില്‍ പിറന്ന മകള്‍ മീനാക്ഷി ഇപ്പോള്‍ ദിലീപിനും കാവ്യയ്ക്കും ഒപ്പമാണ്. കൂടാതെ ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി എന്ന് പേരുള്ള പെണ്‍കുഞ്ഞുമുണ്ട്. 
 
താനും മഞ്ജു വാര്യരും തമ്മിലുള്ള ബന്ധം പിരിയാന്‍ കാരണം കാവ്യ മാധവന്‍ അല്ലെന്ന് പഴയൊരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് കാവ്യയെ താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും ഈ അഭിമുഖത്തില്‍ ദിലീപ് പറയുന്നു. 
 
കാവ്യയുടെയും രണ്ടാം വിവാഹമായിരുന്നു അത്. അക്കാലത്ത് കാവ്യയുടെ ആദ്യ വിവാഹജീവിതം തകരാന്‍ കാരണം താനാണെന്ന് പലരും പറഞ്ഞു പരത്തിയതില്‍ ദിലീപിന് മനോവിഷമമുണ്ടായിരുന്നു. താന്‍ രണ്ടാമതൊരു കല്യാണത്തെ കുറിച്ച് ആലോചിച്ചിരുന്നില്ലെന്നും എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ ആണ് കാവ്യയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും ദിലീപ് പറയുന്നു. കാവ്യയുമായുള്ള വിവാഹത്തെ കുറിച്ച് മകള്‍ മീനാക്ഷിയോട് പറഞ്ഞു. മീനാക്ഷി നൂറ് ശതമാനം ദിലീപിനെ പിന്തുണയ്ക്കുകയായിരുന്നു. അച്ഛന്റെ രണ്ടാം വിവാഹത്തിനു മീനാക്ഷി മുന്‍പന്തിയിലുണ്ടായിരുന്നു. 
 
എന്നാല്‍, കാവ്യയുടെ വീട്ടില്‍ കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. കാവ്യയുടെ അമ്മയ്ക്ക് ദിലീപുമായുള്ള വിവാഹത്തില്‍ താല്‍പര്യമില്ലായിരുന്നു. അവള്‍ക്ക് മറ്റാലോചനകള്‍ നടക്കുന്നു എന്നായിരുന്നു മറുപടി. ദിലീപിന്റെ ജീവിതം പോകാന്‍ കാരണം എന്ന പേരില്‍ കാവ്യ ബലിയാടാവുന്നു. അത് സത്യമെന്ന് പലരും പറയും എന്നായിരുന്നു അമ്മയുടെ പക്ഷം. പിന്നീട് എല്ലാവരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് കാവ്യയുടെ അമ്മയും വിവാഹത്തിനു സമ്മതിച്ചതെന്ന് ദിലീപ് പറയുന്നു. കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല എന്നും ദിലീപ്. രണ്ടുമൂന്നു ദിവസം കൊണ്ടാണ് കല്യാണം പ്ലാന്‍ ചെയ്തത്. ആദ്യം അറിയിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്നും ദിലീപ് ഈ അഭിമുഖത്തില്‍ പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍