ചിലർക്ക് അദ്ദേഹം ഷഹെൻഷായാണ്, കടുത്ത അനുയായികൾ അദ്ദേഹത്തെ അഭിസംബോധന ചെയ്യുന്നത് അഭിനയത്തിൻ്റെ 'ഗുരുദേവൻ' എന്നാണ്. മറ്റുചിലർ അദ്ദേഹത്തെ ബിഗ്ബി എന്ന് വിളിക്കുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥ പേര്, അമിതാഭ് ബച്ചൻ. പതിറ്റാണ്ടുകളായി അദ്ദേഹം അഭിനയം തുടരുന്നു. അഭിനയത്തിന്റെ കുലപതി, ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി ക്ക് ഇന്ന് 82-ാം പിറന്നാളാണ്. ആരാധകര്‍ പിറന്നാള്‍ ആഘോഷം ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ ഈ ദിനത്തിന് പുറമേ മറ്റൊരു ദിവസവും ബച്ചനും ആരാധകരും പിറന്നാള്‍ ആഘോഷിക്കാറുണ്ട്.
ഇതിഹാസ കവി ഹരിവംശ് റായ് ബച്ചൻ്റെയും തേജി ബച്ചൻ്റെയും മകനായി 1942 ഒക്ടോബർ 11 ന് അലഹബാദിൽ ജനിച്ച അമിതാഭ് ബച്ചൻ തൻ്റെ രണ്ടാം ജന്മദിനം ആഘോഷിക്കുന്നത് ഓഗസ്റ്റ് 2 നാണ്. ഇതിന് പിന്നിലെ കഥ സവിശേഷവും വൈകാരികവുമാണ്. 1982-ൽ കൂലിയുടെ ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് മാരകമായ പരുക്ക് പറ്റിയിരുന്നു. പുനീത് ഇസ്സാറിനൊപ്പം മൻമോഹൻ ദേശായി സംവിധാനം ചെയ്യുന്ന ഒരു ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു ഇത്.
ശേഷം, മുംബൈയിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി. വയറിലെ അമിതരക്തസ്രാവം അദ്ദേഹത്തിന്റെ ആരോഗ്യനില സങ്കീര്‍ണമാക്കി. അദ്ദേഹം മരിച്ചുവെന്ന് വരെ വിധിയെഴുതി. ആ അപകടത്തിൽ നിന്നും അദ്ദേഹം അവിശ്വസനീയമാം വിധം തിരികെ വന്നു. ആ ഉയർത്തെഴുന്നേൽപ്പ് നടത്തിയ ദിവസമാണ് ഓഗസ്റ്റ് 2. ആ സംഭവത്തിന്റെ ഓര്‍മയ്‌ക്കെന്നോണമാണ് ഓഗസ്റ്റ് 2-ാം തീയ്യതിയും നടന്‍ രണ്ടാം പിറന്നാളായി ആഘോഷിക്കുന്നത്.