സൗന്ദര്യത്തിന്റെ പ്രതീകമായ ഐശ്വര്യ റായ്‌യുടെ സൗന്ദര്യ രഹസ്യം അറിയാൻ പ്രേക്ഷകർക്ക് വളരെ ആകാംക്ഷയാണ്. ഇന്ന് പതിനേഴാം തവണയാണ് താരസുന്ദരി കാൻ ഫിലിം ഫെസ്‌റ്റിവെലിനെത്തുന്നത്. ഇത്തവണ ഒരു പ്രത്യേകത കൂടിയുണ്ട് മകൾ ആരാധ്യയും ഒപ്പമുണ്ട്.
പതിവ് തെറ്റിക്കാതെ തന്നെ ഫാഷൻ സ്‌റ്റേറ്റ്‌മെന്റുകൊണ്ട് ഐശ്വര്യ കാർപറ്റ് കീഴടക്കി. പക്ഷേ ആരാധകർ പതിവ് തെറ്റിച്ച് താരസുന്ദരിയുടെ സൗന്ദര്യത്തേക്കാൾ വാക്കുകൾക്കാണ് പ്രാധാന്യം കൊടുത്തത്. മേക്കപ്പിനെയും സൗന്ദര്യത്തേയും കൊണ്ടല്ല ഒരു വ്യക്തിയുടെ ബുദ്ധി അളക്കേണ്ടത്. കാനിലെ ലിംഗ അസമത്വത്തിനെതിരെ ഒരു കൂട്ടം കലാകാരികൾ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് നൽകിയ അഭിമുഖത്തിലാണ് തരം അഭിപ്രായം വ്യക്തമാക്കിയത്.
‘ഒരു സ്ത്രീ മെയ്ക്കപ്പ് അണിഞ്ഞിട്ടുണ്ട് എന്ന് കരുതി അവള്‍ക്ക് ബുദ്ധിയില്ലെന്നോ മൂല്യമില്ലെന്നോ അല്ല അര്‍ത്ഥം. അതേസമയം നിങ്ങള്‍ മെയ്ക്കപ്പ് ധരിക്കാത്തവരാണെങ്കില്‍ നിങ്ങള്‍ നിര്‍വികാരയാണെന്നോ നിറം കുറഞ്ഞവളാണെന്നോ അര്‍ത്ഥമാക്കേണ്ടതില്ല. നിങ്ങള്‍ മെയ്ക്കപ്പ് അണിയാത്തത് കൊണ്ട് ബുദ്ധിമതിയാകണമെന്നില്ല, അല്ലെങ്കില്‍ തീര്‍ത്തും അരസികയാണെന്നോ ഗൗരവക്കാരിയാണെന്നോ അര്‍ത്ഥമാക്കേണ്ടതില്ലെന്നും' ഐശ്വര്യ പറഞ്ഞു.
സിനിമാ മേഖലയിലെ ലിംഗ അസമത്വത്തിനെതിരെ 82 സ്ത്രീകളാണ് കാനില്‍ പ്രതിഷേധിച്ചത്. പുരുഷന്മാർ സംവിധാനം ചെയ്‌ത 1600 ചിത്രങ്ങളും സ്ത്രീകൾ സംവിധാനം ചെയ്‌ത 82 ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്. എന്നാല്‍ ഇതിന്റെ എണ്ണം മാറുകയാണ് വേണ്ടതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.