ദക്ഷിണ കൊറിയൻ നടി കിം സെ റോൺ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

നിഹാരിക കെ.എസ്

തിങ്കള്‍, 17 ഫെബ്രുവരി 2025 (09:08 IST)
സിയോൾ: ദക്ഷിണകൊറിയൻ നടി കിം സെ റോണിനെ (24) മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച പ്രാദേശിക സമയം അഞ്ചുമണിയോടെയാണ് കിം സെ റോണിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്താണ് താരത്തിന്റെ മരണവിവരം പൊലീസിനെ അറിയിച്ചത്.
 
മരണത്തിൽ ദുരൂഹതയൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ ആരെങ്കിലും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളോ സംശയകരമായ മറ്റെന്തെങ്കിലോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. മരണകാരണം അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ദി മാൻ ഫ്രം നോവേർ, എ ഗേൾ അറ്റ് മൈ ഡോർ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് കിം സെ റോൺ.
 
2022 മെയ് മാസത്തിൽ, സിയോളിൽ മദ്യപിച്ച് വാഹനമോടിച്ച് അതിക്രമം കാണിച്ച കേസിനെ തുടർന്ന് കിം സെ റോൺ പൊതുവേദികളിൽനിന്ന് വിട്ടുനിന്നിരുന്നു. താരം ഓടിച്ചിരുന്ന കാറ് ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിൽ ഇടിച്ചുകയറുകയും നാശനഷ്ടങ്ങൾക്ക് കാരണമാവുകയുമുണ്ടായി. സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട കിം പരസ്യമായി ക്ഷമാപണം നടത്തുകയും അഭിനയ ജീവിതത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍