തിയറ്ററുകളില്‍ ആളെ എത്തിക്കണം, ടിക്കറ്റ് സൗജന്യമായി നല്‍കാം; കേരള സ്റ്റോറിക്ക് ആളെക്കൂട്ടാന്‍ സംഘപരിവാര്‍ സംഘടനകളും ബിജെപിയും

വെള്ളി, 5 മെയ് 2023 (09:08 IST)
വിവാദ ചിത്രം ദി കേരള സ്റ്റോറി ഇന്ന് തിയറ്ററുകളില്‍. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശ പ്രകാരമുള്ള ഏഴ് മാറ്റങ്ങളോടെയാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. കേരളത്തില്‍ ആദ്യ ദിനം 21 തിയറ്ററുകളിലാണ് പ്രദര്‍ശനമുള്ളത്. അതിനിടെ സിനിമയുടെ പ്രദര്‍ശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. 
 
കേരള സ്റ്റോറിക്ക് തിയറ്ററുകളില്‍ ആളെ എത്തിക്കാന്‍ സംഘപരിവാര്‍ സംഘടനകളും ബിജെപിയും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ടിക്കറ്റ് സൗജന്യമായി നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പ്രാദേശികമായി ചെയ്യുന്നുണ്ട്. മാളികപ്പുറം സിനിമയ്ക്ക് നല്‍കിയത് പോലെ മികച്ച മൗത്ത് പബ്ലിസിറ്റി കേരള സ്റ്റോറിക്കും നല്‍കണമെന്നാണ് പ്രാദേശിക തലത്തില്‍ ബിജെപി എടുത്തിരിക്കുന്ന തീരുമാനം. സംഘപരിവാര്‍ സംഘടനകളാണ് കേരള സ്റ്റോറിക്ക് ആവശ്യമായ പ്രൊമോഷനുള്ള സാമ്പത്തിക ചെലവുകള്‍ നിറവേറ്റുന്നത്. 
 
കേരളത്തില്‍ നിന്നും മതപരിവര്‍ത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തില്‍ എത്തുന്ന ചിത്രം സംഘപരിവാര്‍ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന വിമര്‍ശനം. ചിത്രം റിലീസ് ചെയ്യാനിരിക്കെ തമിഴ്‌നാട്ടില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാനിടയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍