കൊച്ചിയിൽ പൾസർ സുനിയെന്ന സുനിൽ കുമാറും സംഘവും ആക്രമിച്ചത് നടി ഭാവനയെ ആണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. അന്ന് നടന്നത് എന്തൊക്കെയാണ് ലോകം തിരിച്ചറിയണമെന്നും ഇനിയാർക്കും ഇത്തരത്തിൽ ഒന്നും സംഭവിക്കരുതെന്നും ഭാവന തന്നെ വെളിപ്പെടുത്തുന്നു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ആ രാത്രി സംഭവിച്ച കാര്യങ്ങളെ കുറിച്ചെല്ലാം ഭാവന വെളിപ്പെടുത്തിയത്.
സന്ധ്യ കഴിഞ്ഞാണ് തൃശൂരിലെ വീട്ടില്‍നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഇടയ്ക്ക് വെച്ച് പിന്നാലെ വന്ന കാറ്ററിങ് വാന്‍ ഞാന്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയും എന്റെ ഡ്രൈവറും വാനിലുളളവരുമായി ചില വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. പെട്ടെന്ന് രണ്ടുപേര്‍ പിന്‍സീറ്റില്‍ എന്റെ ഇരുവശവുമായി കയറി. എനിയ്ക്ക് ഭയമായി. എന്നെ ഉപദ്രവിക്കാന്‍ വന്നതല്ല, ഡ്രൈവറെയാണ് അവര്‍ക്കു വേണ്ടത് എന്നു പറഞ്ഞപ്പോൾ ഞാൻ ആശ്വസിച്ചു.
ഇടയ്ക്ക് കാര്‍ നിർത്തുന്നു. ചിലര്‍ ഇറങ്ങുന്നു, മറ്റു ചിലര്‍ കയറുന്നു. ഇതിനിടയില്‍ ഇവര്‍ ആരെയൊക്കെയോ വിളിക്കുന്നുണ്ട്. വണ്ടി എവിടെ എത്തിയെന്നൊക്കെ ലൊക്കേഷന്‍ പറയുന്നുണ്ട്. അപ്പോൾ എനിക്ക് അപകടം മനസ്സിലായി. ഞാന്‍ ഇടയ്ക്കിടയ്ക്ക് ചോദിച്ചു, നിങ്ങള്‍ ആരെയാണ് വിളിക്കുന്നത്? എന്താ നിങ്ങളുടെ പ്രശ്‌നം.
ഇതിനിടയില്‍ പ്രധാന വില്ലനും കാറില്‍ കയറി. ഹണി ബീ ടുവിന്റെ ഷൂട്ടിങ്ങിനു ഗോവയില്‍ പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍ എന്നെ വിളിക്കാന്‍ വന്നത് ഇയാളായിരുന്നു. ഇത് എനിക്കെതിരെയുളള ക്വട്ടേഷനാണെന്നും അതു തന്നത് സ്ത്രീയാണെന്നും അയാളാണ് കാറില്‍ വച്ച് പറഞ്ഞത്. ഞങ്ങള്‍ക്ക് നിന്റെ വിഡിയോ വേണമെന്നും സഹകരിച്ചില്ലെങ്കിൽ വണ്ടി ഫ്ലാറ്റിലേക്ക് വിടും. അവിടെ വെച്ച് ബലാത്സംഗം ചെയ്യും എന്നൊക്കെ പറഞ്ഞു.