ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക'യാണ് ഏപ്രില്‍ 10 നു തിയറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം. റിലീസിനു 50 ദിവസം ശേഷിക്കെ കിടിലനൊരു പോസ്റ്റര്‍ ഇറക്കിയിരിക്കുകയാണ് പ്രൊമോഷന്‍ ടീം. ഈ പോസ്റ്റര്‍ മമ്മൂട്ടിയും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പൊതുവെ റിലീസ് ചെയ്യാന്‍ ഒരാഴ്ച ഉള്ളപ്പോള്‍ പോലും മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ഇത്ര പബ്ലിസിറ്റി കൊടുക്കാറില്ലെന്നും ആദ്യമായാണ് ഇത്രയും അഡ്വാന്‍സ്ഡ് ആയി മമ്മൂട്ടി ഒരു സിനിമയുടെ പ്രൊമോഷന്‍ പോസ്റ്റര്‍ പങ്കുവയ്ക്കുന്നതെന്നും ആരാധകര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നു.
ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് മമ്മൂട്ടിയെന്നാണ് ആരാധകര്‍ പറയുന്നത്. പൊതുവെ മമ്മൂട്ടി സിനിമകളൊന്നും ഇത്രയും ദിവസങ്ങള്‍ക്കു മുന്‍പ് റിലീസ് ഡേറ്റ് ലോക്ക് ചെയ്യാറില്ല. ഇതിന്റെ പേരില്‍ പല തവണ പഴികേട്ടിട്ടുള്ള താരം കൂടിയാണ് മമ്മൂട്ടി. എന്നാല്‍ ബസൂക്കയുടെ റിലീസ് ഡേറ്റ് ഏകദേശം 60 ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ ലോക്ക് ചെയ്തിട്ടുണ്ട്. തുടര്‍ന്നങ്ങോട്ട് എല്ലാ സിനിമകള്‍ക്കും മമ്മൂട്ടി ഈ പ്രൊമോഷന്‍ രീതി കൈകൊള്ളണമെന്നാണ് ആരാധകരുടെ അഭിപ്രായം.
വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തുന്ന ബസൂക്ക 350 ല്‍ അധികം സ്‌ക്രീനുകളില്‍ റിലീസ് ഉണ്ടാകുമെന്നാണ് വിവരം. മാര്‍ച്ച് 27 നു തിയറ്ററുകളിലെത്തുന്ന മോഹന്‍ലാലിന്റെ എമ്പുരാന്‍ ക്ലിക്കായില്ലെങ്കില്‍ അത് ബസൂക്കയ്ക്കു ഗുണം ചെയ്യും. മോഹന്‍ലാല്‍ ചിത്രവും മമ്മൂട്ടി ചിത്രവും തമ്മില്‍ 13 ദിവസത്തിന്റെ വ്യത്യാസം മാത്രമാണുള്ളത്. വിഷു ക്ലാഷ് എന്ന രീതിയില്‍ രണ്ട് സിനിമകളേയും കാണാന്‍ സാധിക്കും.
ഗെയിം ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയിരിക്കുന്ന 'ബസൂക്ക' ബിഗ് ബജറ്റ് ചിത്രമാണ്. സരിഗമ ഇന്ത്യ ലിമിറ്റഡ്, തിയറ്റര്‍ ഓഫ് ഡ്രീംസ് എന്നിവയുടെ ബാനറില്‍ ജിനു വി എബ്രഹാമും ഡോള്‍വിന്‍ കുര്യാക്കോസുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മമ്മൂട്ടിയെ വളരെ സ്‌റ്റൈലിഷ് ആയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.