ലൂക്ക് പി.പി എന്ന രസികന്‍ കഥാപാത്രത്തെയാണ് ബേസില്‍ മരണമാസ്സില്‍ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ ലുക്ക് കൊണ്ട് പ്രക്ഷകരെ ഞെട്ടിച്ച ബേസില്‍ അഭിനയത്തിലും 'മിനിമം ഗ്യാരണ്ടി' നല്‍കുന്നുണ്ട്. റിലീസിനു മുന്‍പ് അത്ര ഹൈപ്പൊന്നും ഇല്ലാതിരുന്ന സിനിമയ്ക്ക് രണ്ടാം ദിനമായപ്പോള്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകരെത്തി. 'ബേസിലിന്റെ പടമാണോ, ചിരിക്കാനുണ്ടാകും' എന്നു പറഞ്ഞാണ് കുടുംബ പ്രേക്ഷകര്‍ അടക്കം തിയറ്ററുകളിലേക്ക് എത്തുന്നത്.
2023 ന്റെ അവസാനത്തില്‍ എത്തിയ ഫാലിമി മുതല്‍ രണ്ട് ദിവസം മുന്‍പ് റിലീസ് ചെയ്ത മരണമാസ് വരെ ഒന്‍പത് ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ ബേസിലിനു സാധിച്ചു. 2024 ല്‍ വര്‍ഷങ്ങള്‍ക്കു ശേഷം, ഗുരുവായൂരമ്പലനടയില്‍, നുണക്കുഴി, വാഴ, അജയന്റെ രണ്ടാം മോഷണം എന്നീ ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു ബേസില്‍. ഈ വര്‍ഷം ആദ്യമെത്തിയ പ്രാവിന്‍കൂട് ഷാപ്പ് മാത്രമാണ് സമീപകാലത്ത് ബോക്‌സ്ഓഫീസില്‍ നിരാശപ്പെടുത്തിയ ബേസില്‍ ചിത്രം. എന്നാല്‍ ഈ സിനിമയിലെ ബേസിലിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് എത്തിയ പൊന്‍മാന്‍ തിയറ്ററുകളില്‍ വിജയമായതിനൊപ്പം ബേസിലിന്റെ മികച്ച പെര്‍ഫോമന്‍സ് കൊണ്ട് വലിയ ചര്‍ച്ചയായി.