'ഇക്കയുടെ ഫാന്‍സുകാര്‍ ഈ ഗ്യാപ്പ് നോക്കി ഗോളടിക്കാന്‍ ശ്രമിക്കുന്നുണ്ട്'; കൈകഴുകിപ്പോകാന്‍ ഒരു മെഗാ താരത്തിനും കഴിയില്ലെന്ന് ബഷീര്‍ വള്ളിക്കുന്ന്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 21 ഓഗസ്റ്റ് 2024 (14:50 IST)
Basheer and Mammootty
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടി ഫാന്‍സുകാര്‍ ഗോളടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ബഷീര്‍ വള്ളിക്കുന്ന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മലയാള സിനിമ പതിറ്റാണ്ടുകളോളം അടക്കി വാണ ഒരു സൂപ്പര്‍ താരമെന്ന നിലയ്ക്ക്, പുറത്ത് പറയാന്‍ കൊള്ളാത്ത വിധം ദയനീയമായ ഇത്തരം തൊഴില്‍ സാഹചര്യവങ്ങളും വിവേചനങ്ങളും ഇല്ലാതാക്കുന്നതില്‍ എത്ര ക്രിയാത്മകമായ പങ്ക് വഹിച്ചിട്ടുണ്ട്, എത്ര ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് എന്ന ചോദ്യം ഈ സന്ദര്‍ഭത്തിലെങ്കിലും ചോദിച്ചേ മതിയാകുവെന്ന് ബഷീര്‍ കുറിക്കുന്നു. ഞാനും എന്റെ കാരവനും എന്റെ സൗകര്യങ്ങളൂം എന്നതിനപ്പുറം കൂടെ അഭിനയിക്കുന്ന സ്ത്രീകളുടേയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെയും മറ്റ് തൊഴിലാളികളുടേയും അവസ്ഥയെന്തെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോയെന്നും അവര്‍ക്ക് വേണ്ടി എപ്പോഴെങ്കിലും ശബ്ദമുയര്‍ത്തിയുണ്ടോയെന്നും ബഷീര്‍ കുറിക്കുന്നു.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
 
ഇക്കയുടെ ഫാന്‍സുകാര്‍ ഈ ഗ്യാപ്പ് നോക്കി ഗോളടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഞങ്ങളുടെ ഇക്ക പെര്‍ഫെക്റ്റാണ്, ഇത്തരം കാര്യങ്ങളിലൊന്നും ഇല്ലാത്ത ആളാണ് എന്നൊക്കെ.. 
അങ്ങിനെ ആരെയും നൂറ് ശതമാനം പുണ്യാളന്മാര്‍ ആക്കാന്‍ പറ്റിയ ഒരു വിഷയമല്ല സിനിമാ മേഖലയില്‍ ഇപ്പോള്‍ ഉയര്‍ന്ന് വന്നിട്ടുള്ളത്.  
നടികളെ ശാരീരികമായി ഉപദ്ര വിക്കുകയോ പീ ഡിപ്പിക്കുകയോ രാത്രി ഡോറില്‍ മുട്ടുകയോ ഒന്നും ചെയ്തിരിക്കില്ല, അത്തരം സ്വഭാവ ദൂഷ്യങ്ങളൊന്നും ഉള്ളതായി കേട്ടിട്ടില്ല, ശരിയാണ്.. എന്നാല്‍ അത് മാത്രമല്ല സിനിമാ രംഗത്തെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള പരാതികള്‍. നടികള്‍ക്കും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും മൂത്രമൊഴിക്കാനോ വസ്ത്രം മാറാനോ പോലും ഇടമില്ലാത്ത സെറ്റുകള്‍, അവിടെ കൊടുക്കുന്ന ഭക്ഷണത്തില്‍ പോലും ചേരിതിരിവ്, അവരെ മനുഷ്യരായി പോലും പരിഗണിക്കാതെ വെറും യന്ത്രങ്ങളെപ്പോലെ കാണുന്ന തൊഴില്‍ സാഹചര്യം.. അങ്ങനെ നൂറുകൂട്ടം കാര്യങ്ങള്‍ പരാതികളിലുണ്ട്. 
 
മലയാള സിനിമ പതിറ്റാണ്ടുകളോളം അടക്കി വാണ ഒരു സൂപ്പര്‍ താരമെന്ന നിലയ്ക്ക്, പുറത്ത് പറയാന്‍ കൊള്ളാത്ത വിധം ദയനീയമായ ഇത്തരം തൊഴില്‍ സാഹചര്യവങ്ങളും വിവേചനങ്ങളും ഇല്ലാതാക്കുന്നതില്‍ എത്ര ക്രിയാത്മകമായ പങ്ക് വഹിച്ചിട്ടുണ്ട്, എത്ര ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് എന്ന ചോദ്യം ഈ സന്ദര്‍ഭത്തിലെങ്കിലും ചോദിച്ചേ മതിയാകൂ. ഞാനും എന്റെ കാരവനും എന്റെ സൗകര്യങ്ങളൂം എന്നതിനപ്പുറം കൂടെ അഭിനയിക്കുന്ന സ്ത്രീകളുടേയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെയും മറ്റ് തൊഴിലാളികളുടേയും അവസ്ഥയെന്തെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ഈ താരരാജാക്കന്മാര്‍?.. അവര്‍ക്ക് വേണ്ടി എപ്പോഴെങ്കിലും ശബ്ദമുയര്‍ത്തിയുണ്ടോ?.. 
 
കൂടെ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വസ്ത്രം മാറാനോ മൂത്രമൊഴിക്കാനോ പോലും സൗകര്യം ഏര്‍പ്പെടുത്താത്ത ഒരു സെറ്റില്‍, ഭക്ഷണത്തില്‍ പോലും വിവേചനം കാണിക്കുന്ന ഒരു സെറ്റില്‍ അതെല്ലാം കണ്ടും അറിഞ്ഞും ഇക്കാലമത്രയും നിശ്ശബ്ദത പാലിച്ചെങ്കില്‍ ഈ തൊഴില്‍ മേഖല ഇവ്വിധം വൃത്തികെട്ടതായി നിലനിര്‍ത്തിയതില്‍ ഇവര്‍ക്കെല്ലാം അവരുടേതായ പങ്കുണ്ട് എന്ന് തന്നെ പറയേണ്ടി വരും. കാരണം ആ സിനിമയുടെ നിര്‍മ്മാതാവിനോടോ പ്രൊഡക്ഷന്‍ നിയന്ത്രിക്കുന്നവരോടോ മെഗാ താരത്തിന്റെ ഒരു വാക്ക് മതി ആ സെറ്റിലെ സൗകര്യങ്ങള്‍ മാറിമറിയാന്‍. 
അവര്‍ക്ക് കൂടി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ നാളെ ഞാന്‍ സെറ്റിലെത്തില്ല എന്ന് ഒരു വാക്ക് പറഞ്ഞാല്‍ സൗകര്യങ്ങളും സംവിധാനങ്ങളും താനേ വരും.. കാരണം ഇവരെക്കെയാണ് പതിറ്റാണ്ടുകളായി മലയാള സിനിമയുടെ സിംസാഹനത്തില്‍ ഇരിക്കുന്ന രാജാക്കന്മാര്‍. അവരുടെ വാക്കിനും നോക്കിനും ആജ്ഞകള്‍ക്കും മാത്രം വിലകല്പിക്കുന്ന ഒരിടത്ത് കൂടെ ജോലി ചെയ്യുന്നവര്‍ നരകയാതന അനുഭവിച്ചിട്ടുണ്ടെങ്കില്‍ ആ യാതനയില്‍ നിന്ന് അത്ര കൂളായി കൈ കഴുകി പോകാന്‍ ഒരു മെഗാതാരത്തിനും കഴിയില്ല. 
 
ഇത് മമ്മൂട്ടിക്ക് മാത്രം ബാധകമായ ഒന്നാണ് അര്‍ത്ഥത്തിലല്ല പറയുന്നത്. ഇന്‍ഡസ്ട്രിയിലുള്ള എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കും ബാധകമായ കാര്യം തന്നെയാണ്. രാത്രി വാതിലില്‍ മുട്ടുന്ന നക്ഷത്രങ്ങളുടെ കാര്യം  വേറെയായതിനാല്‍ അതിവിടെ പറയേണ്ട ആവശ്യവുമില്ല. 
മെച്ചപ്പെട്ട തൊഴിലിടങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഏറ്റവും ക്രിയാത്മകമായ പങ്ക് വഹിക്കാന്‍ കഴിയുക ആ തൊഴിലിടങ്ങള്‍ നന്നാക്കാനുള്ള ഇടപെടലുകള്‍ പ്രയാസരഹിതമായി നടത്താന്‍ കഴിയുന്നവര്‍ക്ക് തന്നെയാണ്. ഒരു ലൈറ്റ് ബോയിക്കോ ഒരു മേക്കപ്പ് അസിസ്റ്റന്റിനോ ആ ദൗത്യം ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ കഴിയില്ല. തങ്ങള്‍ രാജാക്കന്മാരായി വാഴുന്ന അത്തരം തൊഴിലിടങ്ങളില്‍ ഇത്തരം അനീതികളും വിവേചനങ്ങളും പീഡനങ്ങളും ഉണ്ടെന്ന വസ്തുത ദിവസവും നേരിട്ട് കാണുന്നവര്‍ അവ മാറ്റുന്നതിന് ഒരു ചെറുവിരല്‍ പോലും അനക്കിയില്ല എങ്കില്‍ ഈ കുളിമുറിയില്‍ അവരും നഗ്‌നരാണ് എന്ന് പറയേണ്ടി വരും. 
ഗ്യാപ്പ് നോക്കി തള്ളിമറിക്കുന്ന ഫാന്‍സുകാര്‍ ഒരു പൊടിക്ക് അടങ്ങുന്നതാണ് നല്ലത് എന്നാണ് പറഞ്ഞതിന്റെ ചുരുക്കം.  
ബഷീര്‍ വള്ളിക്കുന്ന്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍