സിനിമ ഇങ്ങനെ പോയാല്‍, കക്കൂസ് സ്വീകരണമുറി ആക്കേണ്ടിവരും: ബാലചന്ദ്രമേനോന്‍
തിങ്കള്‍, 11 ഓഗസ്റ്റ് 2014 (18:28 IST)
പുതിയ സിനിമകളിലെ പല മോശം പ്രവണതകളേയും സൌമ്യമായി എന്നാല്‍ ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ് ചലച്ചിത്രകാരന്‍ ബാലചന്ദ്ര മേനോന്‍. തന്റെ ഫേസ്ബുക്ക് പേജിലെ ഒരു പോസ്റ്റിലാണ് ന്യൂ ജനറേഷന്‍ സിനിമകളിലെ അശ്ലീല പദപ്രയോഗങ്ങളുടേയും കക്കൂസ് തമാശകളുടെ അതിപ്രസരത്തേയും മേനോന്‍ രൂക്ഷമായി വിമര്‍ശിക്കുന്നത്.
തിയേറ്ററില്‍ പോയി സിനിമകള്‍ കാണാന്‍ സാധിക്കാത്തതിനാല്‍ സുഹൃത്തുക്കള്‍ തന്ന സിനിമ സിഡികള്‍ കണ്ടെതിനുശേഷമാണ് താന്‍ അഭിപ്രായ പറയുന്നതെന്ന് ബാലചന്ദ്രമേനോന്‍ പറയുന്നു. സാങ്കേതികമായി നവാഗതരുടെ സിനിമകള്‍ മുന്നിലാണെങ്കിലും പ്രേക്ഷകരുടെ സൌന്ദര്യാസ്വാദനത്തിന്റെ വിലയിരുത്തലില്‍ തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന് ബാലചന്ദ്രമേനോന്‍ പറഞ്ഞു.
ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ:
ഹലോ ഫേസ്ബൂക് സുഹൃത്തുക്കളെ...
ഇവിടെ കുറച്ചു നെറ്റ് പ്രോബ്ലെംസ് ഉണ്ട്...കേള്‍ക്കാമോ ?
തിയേറ്ററില്‍ പോയി എല്ലാ സിനിമകളും കാണാന്‍ എനിക്ക് സാധിക്കാറില്ല. എന്നാല്‍ അധികം താമസിക്കാതെ എന്റെ വക ഒരു സിനിമ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് കൊണ്ട് തിയേറ്ററില്‍ വന്നു പോകുന്ന എല്ലാ സിനിമകളും കാണാമെന്നു കരുതി. മനസ്സില്‍ ആലോചിച്ചതേയുള്ളൂ , കടുത്ത സിനിമാപ്രേമികളായ ഗോപാലകൃഷ്ണനും രാധാകൃഷ്ണനും ലോറിക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ തിയേറ്ററില്‍ വന്നു പോയ സിനിമകളുടെ ഒരു "ലോഡ് " സീഡികള്‍ എന്റെ മുന്നില്‍ കൊണ്ടിട്ടിട്ടു പോയി. മടിയന്റെ മുന്നില്‍ ഒരു ചാക്ക് അരി എണ്ണിത്തീര്‍ക്കാന്‍ ഏല്പ്പിച്ചത് പോലെ. ആ യജ്ഞത്തില്‍ മുഴുകിയതുകൊണ്ടാണ് നിങ്ങള്‍ എന്നെ ഒന്ന് മിസ്സ് ചെയ്തത്. സിനിമ കണ്ട എന്റെ അനുഭവം ഒന്ന് അറിയണ്ടേ ? ദാ , പറയുന്നു.....
നവാഗതരുടെ സിനിമകളാണ് കൂടുതലും.ഒന്നെനിക്ക് ബോധ്യമായി. സാങ്കേതികമായി നാം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു.ദൃശ്യാവിഷ്ക്കാരത്തില്‍ കിണഞ്ഞും പിണഞ്ഞും ഒത്തിരി ബുദ്ധിമുട്ടിയിട്ടുണ്ട്.അഭിനന്ദിക്കാതെ തരമില്ല. എന്നാല്‍ പ്രേഷകരുടെ സൊസൗന്ദര്യാസ്വാദനത്തിന്റെ വിലയിരുത്തലില്‍ എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. കുടുംബമാണ് നാം ജീവിക്കുന്ന സമൂഹത്തിന്റെ അടിത്തറയെങ്കിലും അങ്ങിനെ ഒരു കാഴ്ചപ്പാട് പലതിലും കണ്ടില്ല. സിനിമയ്ക്ക് എന്തും വിഷയമാകാം എന്ന് ഞാനും സമ്മതിക്കുന്നു. എന്നാല്‍ നാം സമൂഹജീവിയായതുകൊണ്ടും സിനിമ കുടുംബമായിട്ട് ആസ്വദിക്കുന്ന ഒരു കലാരൂപമായതുകൊണ്ടും നാം കുറച്ചു ശ്രദ്ധിക്കണമെന്ന് എനിക്ക് തോന്നി...ക്ഷമിക്കുക...
ഒന്ന് പറഞ്ഞോട്ടെ ....ആരേലും പെട്ടന്ന് വീട്ടില്‍ കയറി വന്നാല്‍ ചുറ്റുവട്ടത്തു പരിസരത്തില്‍ എവിടേലും അടിവസത്രങ്ങളോ വേണ്ടാത്ത മുഷിഞ്ഞ തുണിയോ കിടന്നാല്‍ എടുത്തു മാറ്റിയാണ് നമ്മള്‍ ആഗതനെ സ്വീകരിക്കുക. ഇവിടെ ഞാന്‍ കണ്ട പല നവാഗതര്‍ക്കും ജെട്ടി എന്ന അടിവസ്ത്രം ഒരു വികാരമായിക്കണ്ടു. സ്കൂളില്‍ പോകുന്ന കുട്ടി അമ്മയോടു കയര്‍ക്കുംബോള്‍ 'ഇന്നത്തെ കാലത്ത് ആരേലും ജെട്ടിയിടുമോ?' എന്ന് ചോദിക്കുന്നതിലുള്ള തമാശ പിടികിട്ടുന്നില്ല. അടുത്തകാലത്ത് റിലീസ് ചെയ്ത മറ്റൊരു മലയാളസിനിമയില്‍ നായകന്‍ കാമുകിയോടുള്ള ധാര്‍മ്മികരോഷം തീര്‍ക്കുന്നത് താന്‍ ധരിച്ചിരിക്കുന്ന ജെട്ടി ഊരി നായികയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ടാണ് .വടക്കന്‍ വീരഗാധാചിത്ര്ങ്ങളിലെ വാളിന്റെ സ്ഥാനം ജെട്ടി ഏറ്റെടുത്തു എന്നാണോ സെന്‍സര്‍ ബോര്‍ഡ് അവരുടെ കര്‍മ്മത്തിലൂടെ വെളിവാക്കുന്നത്....നോക്കുകുത്തി സ്ഥാപനം ആവുന്നതിനും ഒരു അതിരില്ലേ!
കണ്ട ഒട്ടു മിക്ക സിനിമകളിലും കക്കൂസും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും നന്നായി പ്രതിപാദിക്കുന്നതു കാണാം. അപ്പിയിടുക എന്ന് കേട്ട് മതിയായില്ലെങ്കില്‍ തൂറണം എന്ന് തന്നെ പറയുന്നതില്‍ ഒരു മടിയുമില്ല തന്നെ.. അധോവായു അല്ലെങ്കില്‍ കീഴ്ശ്വാസം പല സിനിമകളിലും സുലഭമാണ്. സാധാരണ സിനിമയിലെ വില്ലന്‍ നമ്മെ പേടിപ്പിക്കുന്നത് തോക്കിലൂടെ വെടി പൊട്ടിച്ചാണ്, എങ്കില്‍ ഇവിടെ ഒരു തടിയന്‍ വില്ലന്‍ അധോവായു ശബ്ദം കൊണ്ടാണ് ആ കര്‍മ്മം നിറവേറ്റുന്നത്. പരിപാവനമായ പ്രേമ രംഗത്തിന്റെ തീവ്രതയില്‍ നായിക ഉറക്കത്തില്‍ നിന്ന് ഉണരുന്നത് തന്നെ കാമുകന്റെ കൂട്ടത്തില്‍ ഒരുവന്റെ അധോവായുവിന്റെ ദുര്ഗന്ധം സഹിക്ക വയ്യാതെയാണ്..... തീരുന്നില്ല, മലീമസമായ ആവിഷ്ക്കാരങ്ങള്‍..... ഊണ് മേശക്കരികില്‍ ചവച്ചുകൊണ്ട് സംസാരിച്ചു കേട്ട് മടുത്തുവെങ്കില്‍ കക്കൂസിലിരുന്നു കര്‍മ്മം നടത്തുമ്പോള്‍ ഉള്ള ഹാവഭാവങ്ങളും ഒരു ചിത്രത്തില്‍ കാട്ടിയിരിക്കുന്നു......സബാഷ് സെന്‍സര്‍ ബോര്‍ഡ്!!!
ഇത് കഷ്ടമാണ് ..
സഹിക്കാവുന്നതിനും അപ്പുറമാണ് ....
ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലേ?
ചുറ്റുവട്ടം അടിച്ചു വൃത്തിയാക്കിയാല്‍ ശുചിത്വ കേരളം ഉണ്ടാവും.... എന്നാല്‍ മനുഷ്യമനസ്സില്‍ മാലിന്യം അടിഞ്ഞുകൂടാതിരിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് തന്നെ തീരുമാനിക്കണം... ഇങ്ങനെ പോയാല്‍ അധികം താമസിക്കാതെ നമ്മള്‍ കക്കൂസ് സ്വീകരണമുറി ആക്കേണ്ടിവരും.
ഇനി അധികം സീഡികള്‍ കാണാതിരിക്കുന്നതാണു നല്ലത് എന്ന് തോന്നുന്നു. ഗോപാലകൃഷ്ണനും മറ്റേ കൃഷ്ണനും ഇനിയുള്ള സീഡികള്‍ എടുത്തുകൊണ്ടു പോകട്ടെ അല്ലെ?
മഴ കാരണം നെറ്റ് വളരെ പ്രശ്നത്തിലാ..തീരെ കേള്‍ക്കാന്‍ പറ്റുന്നില്ല ....ഇപ്പോള്‍ നിര്‍ത്തട്ടെ ...ബൈ