Ashutosh Sharma: അവന്‍ ഒരു സിംഗിള്‍ എടുത്താല്‍ സിക്‌സ് അടിച്ച് കളി തീര്‍ക്കുമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു; 'കൂള്‍' അശുതോഷ്

രേണുക വേണു

ചൊവ്വ, 25 മാര്‍ച്ച് 2025 (10:32 IST)
Ashutosh Sharma

Ashutosh Sharma: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലെ മിന്നും പ്രകടനത്തിനു പിന്നാലെ തന്റെ ഇന്നിങ്‌സിനെ കുറിച്ച് മനസുതുറന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് താരം അശുതോഷ് ശര്‍മ. അവസാന ഓവറില്‍ കൂറ്റന്‍ സിക്‌സര്‍ പറത്തിയാണ് അശുതോഷ് ഡല്‍ഹിയെ വിജയത്തിലെത്തിച്ചത്. ഒരു വിക്കറ്റ് മാത്രം ശേഷിക്കെയാണ് ഡല്‍ഹിയുടെ ജയം. 
 
' ഞാന്‍ ആ സമയത്ത് വളരെ നോര്‍മല്‍ ആയിരുന്നു. അവന്‍ (മോഹിത് ശര്‍മ) ഒരു സിംഗിള്‍ എടുത്ത് തന്നാല്‍ പിന്നെ സിക്‌സ് അടിച്ച് കളി അവസാനിപ്പിക്കണമെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു. എനിക്ക് എന്റെ കഴിവില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. ക്രീസില്‍ ആയിരിക്കുന്നത് ഞാന്‍ വളരെ നന്നായി ആസ്വദിച്ചു. എന്റെ പ്രയത്‌നം ഫലം കണ്ടു. 20-ാം ഓവര്‍ വരെ ക്രീസില്‍ ഉണ്ടായിരിക്കുകയായിരുന്നു എന്റെ ലക്ഷ്യം,' അശുതോഷ് ശര്‍മ പറഞ്ഞു. 
 
ഇംപാക്ട് പ്ലെയര്‍ റൂളിലൂടെ ഏഴാമനായി അശുതോഷ് ശര്‍മ ക്രീസില്‍ എത്തുമ്പോള്‍ ഡല്‍ഹി ഏറെക്കുറെ തോല്‍വി ഉറപ്പിച്ചിരുന്നു. 210 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡല്‍ഹിക്ക് ടീം ടോട്ടല്‍ 65 ആയപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടമായതാണ്. എന്നാല്‍ അശുതോഷിന്റെ അര്‍ധ സെഞ്ചുറി ഇന്നിങ്‌സ് (31 പന്തില്‍ പുറത്താകാതെ 66) ഡല്‍ഹിയുടെ രക്ഷയ്‌ക്കെത്തി. 20 പന്തില്‍ 20 റണ്‍സ് എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ അശുതോഷ്. പിന്നീട് നേരിട്ട 11 പന്തുകളില്‍ നിന്ന് അടിച്ചുകൂട്ടിയത് 46 റണ്‍സാണ്. അവസാന ഓവറുകളില്‍ ആക്രമിച്ചു കളിക്കാമെന്ന് താന്‍ തീരുമാനിച്ചിരുന്നെന്നും അശുതോഷ് വെളിപ്പെടുത്തി. അഞ്ച് ഫോറും അഞ്ച് സിക്‌സുകളും അടങ്ങിയതാണ് അശുതോഷിന്റെ ഇന്നിങ്‌സ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍