പരീക്ഷയാണ് പോകണം, പാട്ട് പാടിയിട്ട് പോയാൽ മതിയെന്ന് മമ്മൂക്ക! - വൈറലാകുന്ന കുറിപ്പ്

വെള്ളി, 14 ഡിസം‌ബര്‍ 2018 (12:03 IST)
മമ്മൂട്ടിച്ചിത്രങ്ങളിൽ ആരാധകർ എന്നും ആവേശത്തോടെ ഓർക്കുന്ന ചിത്രമാണ് ബെസ്റ്റ് ആക്ടർ. അതിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു സ്വപ്നമൊരു ചാക്ക് എന്നത്. ഈ ഗാനവും അതിലെ വരികളും സ്വപ്നങ്ങൾക്ക് പിന്നാലെ പായുന്ന ആരും ഓർത്തുപോകും. അത്തരത്തിൽ ഒരു ഓർമയാണ് ഈ ഗാനം ആലപിച്ച അരുൺ ഏളാട്ട് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
 
പോസ്റ്റിന്റെ പൂർണരൂപം:
 
ബെസ്റ്റ് ആക്ടർ! ഒരോർമ്മ ചുരുക്കത്തിൽ..
 
സിനിമാ സംഗീതം എന്നത് ഒരു മരീചിക തന്നെ ആയിരുന്നു. എത്തിപ്പെടാൻ പറ്റില്ലെന്നറിയാമായിരുന്നിട്ടും ആഗ്രഹിച്ചു. പാട്ടു പാടാൻ പുതപ്പിനുള്ളിൽ മൂടിക്കെട്ടി ഇരുന്നിരുന്ന ഞാൻ എന്റെ സാങ്കൽപിക ധൈര്യത്തെ കൂട്ടുപിടിച്ച് പല റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. പാട്ടുകളെക്കുറിച്ചു നല്ല അഭിപ്രായങ്ങൾ കേട്ടെങ്കിലും, പാട്ടുമാത്രം പോരാ എന്ന കാരണത്താൽ ആദ്യ റൗണ്ടുകളിൽ തന്നെ പലപ്പോഴും പുറത്തായി. പ്രത്യേകിച്ച് കാഴ്ചക്കാരെ ത്രസിപ്പിക്കാനുള്ള മരുന്ന് ഒന്നും കൈവശം ഇല്ല എന്നു ബോധ്യമുള്ളതിനാൽ പരാതികൾക്കും നിന്നില്ല. 
 
ഒരു വർഷം സ്കൂൾ യുവജനോത്സവത്തിൽ സംസ്ഥാന തലത്തിൽ ലഭിച്ച രണ്ടാം സ്ഥാനം ആണ് എന്റെ ആത്മവിശ്വാസത്തിന്റെ കച്ചിത്തുരുമ്പ്‌. അന്ന് കൂടെ മത്സരിക്കാൻ, ടിവിയിൽ കണ്ടിട്ടുള്ള പല പാട്ടുകാരും ഉണ്ടായിരുന്നു. അവരോടു മത്സരിച്ചു ലഭിച്ച സമ്മാനം എന്ന നിലയിൽ അതു എനിക് കൂടുതൽ ഊർജം നൽകി. സാങ്കേതിക ബിരുദ പഠനത്തിന് എറണാകുളം എന്ന സ്ഥലം തിരഞ്ഞെടുത്ത് രക്ഷിതാക്കളും പിന്തുണ പ്രഖ്യാപിച്ചു. കലാലയ ജീവിതത്തിന്റെ നാലു വർഷങ്ങളിൽ എന്നിൽ വലിയ മാറ്റങ്ങൾ ഉണ്ടായി, അല്ലെങ്കിൽ ഉണ്ടാക്കി എന്നു വേണം പറയാൻ. 
 
ഒരുപാടുണ്ട് സ്വാധീനിച്ച സുഹൃത്തുക്കൾ. പല തരം സംഗീത ശൈലികളുമായി പ്രണയത്തിലായതും അവിടെ വച്ചു തന്നെ, കൂടാതെ ഗിത്താർ എന്ന ഉപകരണത്തെയും കൂടെ കൂട്ടി. പാട്ടുകൾ എന്നും കൂടെ ഉണ്ടായിരുന്നെങ്കിലും സിനിമയിലേക്കുള്ള വാതിൽ കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. (പണ്ട് സിനിമയിൽ പാടാൻ അവസരം എന്നു പറഞ്ഞു പത്രത്തിൽ കണ്ട നമ്പറിൽ വിളിച്ചു പാട്ടു പാടിക്കൊടുത്തത് ഓർക്കുന്നു.) അതിനോടകം തന്നെ മത്സരം എന്ന ചിന്താഗതി മനസ്സിൽ നിന്ന് മാഞ്ഞിരുന്നു. 
 
ആ സമയത്താണ് റേഡിയോ മംഗോയുടെ പാട്ടുവണ്ടി കോതമംഗലം എത്തുന്നു എന്നു പറഞ്ഞു കൂട്ടുകാർ വിളിക്കുന്നത്. മത്സരങ്ങൾ ഇനി വേണ്ടാ എന്ന് തീരുമാനിച്ചിരുന്ന ഞാൻ ഒഴിയാൻ ശ്രമിച്ചെങ്കിലും അവർ സമ്മതിച്ചില്ല. വൈകുന്നേരം ചായ കുടിക്കാനായി ഇറങ്ങിയപ്പോളേക്കും രജിസ്ട്രേഷൻ നിർത്തി എന്നു മൈക്കിലൂടെ വിളിച്ചു പറയുന്നത് കേട്ടു ഞാൻ സമാധാനിച്ചു. പക്ഷെ പാട്ടുവണ്ടി എന്നത് ഒരു സ്റ്റുഡിയോ ആണ് എന്നു മനസ്സിലാക്കിയ നിമിഷം പാടാൻ ആഗ്രഹം ഉണ്ടായി. 
 
കൂട്ടുകാരൻ പോയി ചോദിക്കുകയും അവസരം ലഭിക്കുകയും ചെയ്തു. അതിന്റെ അടുത്ത റൌണ്ട് എറണാകുളത്ത് വച്ചു നടന്നു. അതിന്റെ വിധികാർത്താക്കളിൽ ഒരാളായിരുന്നു ശ്രീ. ബിജിബാൽ (ഞാൻ ബിജിസർ എന്നാണ് വിളിക്കുന്നത്). എനിക്ക് അദ്ദേഹത്തെ അറിയില്ലായിരുന്നു, അറിഞ്ഞിരുന്നത് പാട്ടുകൾ മാത്രം. അന്നെനിക് അടുത്ത റൗണ്ടിലേക്ക് മത്സരിക്കാനുള്ള യോഗ്യത ലഭിച്ചില്ല, അതിനാൽ തന്നെ അതെന്റെ മനസ്സിൽ നിന്ന് മെല്ലെ മാഞ്ഞു.
 
ഈ സംഭവങ്ങൾ കഴിഞ്ഞ് ആറു മാസത്തിനു ശേഷം 2010 മേയ് മാസം 29 നു ഒരു ഫോൺകാൾ ലഭിച്ചു. ബിജിബാൽ എന്നു സ്വയം പരിചയപ്പെടുത്തുകയും എന്റെ ശബ്ദം ഒരു പുതിയ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചു നോക്കാൻ താൽപര്യമുണ്ടെന്ന് പറയുകയും ചെയ്തു. എന്റെ തലച്ചോർ അതു മനസ്സിലാക്കും മുന്നേ ഞാൻ ശരി എന്നൊക്കെ ഒരു മട്ടിൽ പറഞ്ഞു ഫോൺ വച്ചു. സുഹൃത്തുക്കൾ പറ്റിക്കുകയാണ് എന്നാണ് കരുതിയത്. 
 
പിന്നീട് റേഡിയോ മംഗോയിൽ പരിചയമുള്ള ഒരു വ്യക്തിയെ വിളിച്ചു ചോദിക്കുകയും, ബിജിസർ എന്റെ നമ്പർ മുൻപ് വാങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തു. അപ്പോൾ തന്നെ തിരിച്ചു വിളിച്ചു സംസാരിച്ചു. അടുത്ത ദിവസം കലൂർ ദേശാഭിമാനിക്ക് അടുത്തുള്ള സ്റ്റുഡിയോയിൽ വരാൻ പറഞ്ഞു. അന്ന് ഞാൻ ഉറങ്ങിയില്ലെന്നു തോന്നുന്നു. ആരോടും പറയാൻ പറ്റില്ലല്ലോ. എന്നെ സിനിമയിൽ പാടാൻ വിളിച്ചു എന്നു പറഞ്ഞാൽ എനിക്ക് വട്ടാണെന്നു പറയും. അതുകൊണ്ട് തന്നെ കാര്യം അടുത്ത സുഹൃത്തുക്കളിലും വീട്ടുകാരിലും ഒതുങ്ങി. 
 
പിറ്റേ ദിവസം കലൂർ എത്തി ബിജിസാറിനെ വിളിച്ചു. അപ്പോഴും ഞാൻ പൂർണ്ണമായും വിശ്വസിച്ചില്ല. വിളിച്ച സമയത്തു അദ്ദേഹം കലൂർ ദേശാഭിമാനിയിൽ നിൽക്കൂ, ഞാൻ വന്നു കൂട്ടാം എന്നുപറഞ്ഞു. അതു എന്റെ സംശയങ്ങൾ ഇരട്ടിപ്പിച്ചു. പക്ഷെ അതു യഥാർത്ഥത്തിൽ അദ്ദേഹം തന്നെ ആയിരുന്നു. അന്ന് വലിയ കുഴപ്പമില്ലാതെ പെട്ടെന്ന് തന്നെ റെക്കോഡിങ് കഴിഞ്ഞു. പിന്നീട് അരക്കൊല്ലക്കാലം കാത്തിരിപ്പായിരുന്നു. 
 
ആ പാട്ടു എന്റെ ശബ്ദത്തിൽ തന്നെ പുറത്തു വന്നതിനു പിന്നിൽ ഒരുപാട് പേരുടെ നല്ല മനസ്സുണ്ട്. പ്രധാനമായി ബിജിസർ, മാർട്ടിൻ ചേട്ടൻ, സന്തോഷ് വർമ്മ സർ, ബിപിൻ ചന്ദ്രൻ ചേട്ടൻ, നൗഷാദ് ഇക്ക, മമ്മൂക്ക അങ്ങനെ നീളുന്നു നിര. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ സംഭവങ്ങളിലൊന്നായ ബെസ്റ്റ് ആക്ടർ നു ഈ ഡിസംബറിൽ 8 വയസ്സായിരിക്കുന്നു. ഇന്നും ഞാൻ പൂർണ്ണമായി വിശ്വസിച്ചിട്ടില്ലാത്ത ഒരു കാര്യം. 
"സ്വപ്നമൊരു ചാക്ക്"
 
ഈ ഫോട്ടോ ബെസ്റ്റ് ആക്ടർ സിനിമയിലെ പാട്ടുകൾ പ്രകാശനം ചെയ്‌തു കഴിഞ്ഞുള്ളതാണ് (കോഴിക്കോട്). തൊട്ടടുത്ത ദിവസം ലാബ് പരീക്ഷ ഉള്ളതിനാൽ തിടുക്കത്തിൽ പോകാനിറങ്ങിയപ്പോൾ മമ്മൂക്ക പാട്ടു പടിയിട്ടു പോയാൽ മതി എന്നു പറഞ്ഞു. പിന്നെയെന്തു പരീക്ഷ! ഞാൻ നാലു വരി പാടി, മമ്മൂക്ക എന്തോ ചോദിക്കുന്നുണ്ട്, ഏതോ ലോകത്തിരുന്ന ഞാനത് കേട്ടുമില്ല ഉത്തരം പറഞ്ഞുമില്ല. ഇന്ന് ഓർക്കുമ്പോൾ ഒരു സുഖമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍