'തുടക്കത്തിൽ അവള്‍ക്ക് ഫ്രസ്‌ട്രേഷൻ, പുറത്തു പോകാനും ഷോപ്പിങ് നടത്താനും സാധിച്ചില്ല, പിന്നെ ശീലമായി': എ.ആർ റഹ്‌മാൻ പറഞ്ഞത്

നിഹാരിക കെ എസ്

ബുധന്‍, 20 നവം‌ബര്‍ 2024 (10:10 IST)
തമിഴ് സിനിമയിലെ താര ഡിവോഴ്സ് ലിസ്റ്റിലേക്ക് ഒരാൾ കൂടി. എആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവും!. തങ്ങൾ പിരിയുകയാണെന്ന് ഇരുവരും ഔദ്യോഗികമായി അറിയിച്ചു. തന്റെ അഭിഭാഷക മുഖാന്തരം സൈറ ബാനുവാണ് വിവാഹ മോചനം ആദ്യം പ്രഖ്യാപിച്ചത്. വൈകാരികമായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഒത്തുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഏറെ വേദനയോടെ എടുത്ത തീരുമാനമാണെന്നാണ് സൈറ ബാനുവിനെ ഉദ്ദരിച്ച് അഭിഭാഷക പ്രസ്താവനയില്‍ പറയുന്നത്. 
 
ഈ സാഹചര്യത്തില്‍ തങ്ങളുടെ വിവാഹത്തെ കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ എആര്‍ റഹ്‌മാന്‍ പറഞ്ഞ കാര്യങ്ങളും വൈറലാവുന്നു. പ്രണയവിവാഹമായിരുന്നില്ല. റഹ്‌മാന്റെ മാതാവ് കണ്ടെത്തിയ കുട്ടി ആയിരുന്നു സൈറ. തന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു സിംപിള്‍ പെണ്‍കുട്ടി മതി എന്ന് മാത്രമായിരുന്നു റഹ്‌മാന്റെ ആവശ്യം.
 
1994 ല്‍ ചെന്നൈയിലെ ഒരു സൂഫി ആരാധനാലയത്തില്‍ വച്ചാണ് റഹ്‌മാന് വേണ്ടി അമ്മയും പെങ്ങളും സൈറ ബാനുവിനെ കണ്ടെത്തിയത്. സൈറയുടെ സഹോദരി മെഹറുന്നിസയെ കണ്ടിഷ്ടപ്പെട്ടാണ് റഹ്മാൻറെ ഉമ്മ പെണ്ണ് ചോദിച്ച് ചെന്നത്. പക്ഷേ മെഹറുവിന് മൂത്ത സഹോദരിയുണ്ടെന്നും അവളുടെ വിവാഹത്തിന് ശേഷം മാത്രമേ മെഹറുവിനെ വിവാഹം ചെയ്യൂ എന്നും പെൺവീട്ടുകാർ പറഞ്ഞു. അങ്ങനെയാണ് സൈറയെ കാണുന്നത്. 
 
സൈറയുടെ സൗന്ദര്യവും സൗമ്യമായ പെരുമാറ്റവും റഹ്‌മാനെയും ആകര്‍ഷിച്ചു. പക്ഷേ വിവാഹത്തിലേക്ക് കടക്കുമ്പോള്‍ മതപരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഹിന്ദു കുടുംബമായിരുന്നു റഹ്‌മാന്റേത്. അച്ഛന്റെ മരണ ശേഷം സൂഫിസത്തില്‍ അഭയം തേടിയ കുടുംബം ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. പക്ഷേ പിന്നീട് എതിര്‍പ്പുകളെല്ലാം പരിഹരിച്ചാണ് വിവാഹിതരായത്.
 
1995 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. തനിക്കന്ന് 29 വയസ്സായിരുന്നു പ്രായം എന്നും എആര്‍ റഹ്‌മാന്‍ പറഞ്ഞിട്ടുണ്ട്. തുടക്കകാലത്ത് അവള്‍ വല്ലാതെ ഫ്രസ്‌ട്രേറ്റഡ് ആയി. കാരണം പുറത്തു പോകാനും സാധാരണമായി ഷോപ്പിങ് നടത്താനും ഒന്നും സാധിക്കുമായിരുന്നില്ല. പിന്നീട് അത് ശീലിച്ചു- എന്നാണ് എആര്‍ റഹ്‌മാന്‍ പറഞ്ഞത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍