ഇത്തവണ ഒന്നിക്കുന്നത് ബിഗ് ബിയുടെ രണ്ടാം ഭാഗത്തിനു വേണ്ടിയോ? ചര്‍ച്ചയായി മമ്മൂട്ടി-അമല്‍ നീരദ് പ്രൊജക്ട്

രേണുക വേണു
തിങ്കള്‍, 12 ഓഗസ്റ്റ് 2024 (09:34 IST)
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മമ്മൂട്ടി - അമല്‍ നീരദ് പ്രൊജക്ട്. ഭീഷ്മ പര്‍വ്വത്തിന്റെ വിജയത്തിനു ശേഷം ഇരുവരും ഒന്നിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിനു വേണ്ടിയാണോ ഈ ഒന്നിക്കല്‍ എന്ന സംശയമാണ് ഇപ്പോള്‍ ആരാധകര്‍ക്ക്. എന്നാല്‍ ഈ പ്രൊജക്ടിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. 
 
ബിഗ് ബി, ഭീഷ്മ പര്‍വ്വം എന്നീ സിനിമകള്‍ക്കു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്നത് ഒരു സ്‌റ്റൈലിഷ് ആക്ഷന്‍ ചിത്രത്തിനു വേണ്ടി തന്നെയാണ്. അടുത്ത വര്‍ഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക. കോവിഡ് സമയത്ത് ഒന്നിലേറെ തിരക്കഥകള്‍ അമല്‍ നീരദും മമ്മൂട്ടിയും ചേര്‍ന്ന് ചര്‍ച്ച ചെയ്തിരുന്നു. വലിയ ക്യാന്‍വാസില്‍ ചെയ്യേണ്ട ഒരു സിനിമയും അതിലുണ്ടായിരുന്നു. ആ പ്രൊജക്ട് യാഥാര്‍ഥ്യമാക്കാനാണ് അമലും മമ്മൂട്ടിയും ഇപ്പോള്‍ ഒന്നിക്കുന്നതെന്നാണ് വിവരം. 
 
ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ അമല്‍ നീരദ് വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രഖ്യാപിച്ചതാണ്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഈ പ്രൊജക്ട് ചെയ്യാന്‍ സാധിച്ചില്ല. ഒന്നിലേറെ വിദേശ രാജ്യങ്ങളില്‍ ചിത്രീകരണം ആവശ്യമുള്ളതിനേക്കാള്‍ ബിലാല്‍ നീട്ടുകയായിരുന്നു. ബിലാല്‍ ഉപേക്ഷിച്ചതായി അണിയറ പ്രവര്‍ത്തകര്‍ ആരും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മുന്‍പ് ചെയ്ത തിരക്കഥയില്‍ വലിയ മാറ്റങ്ങള്‍ ആവശ്യമായതിനാലാണ് ബിലാല്‍ നീണ്ടുപോകുന്നതെന്നാണ് വിവരം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article