ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാന റിലീസിന് തയ്യാറെടുക്കുകയാണ്. വിഷു റിലീസായി എത്തുന്ന ചിത്രത്തിന്റെ പ്രമുഖ താരങ്ങൾ തമിഴ് താരം ശിവകർത്തികേയനുമായി കൂടിക്കാഴ്ച നടത്തി. നസ്‌ലൻ, ലുക്മാൻ ഉൾപ്പടെയുള്ളവർക്കൊപ്പം ശിവകാർത്തികേയൻ സമയം ചെലവഴിക്കുന്നതിന്റെ വീഡിയോ പുറത്ത്. ശിവകാർത്തികേയൻ സിനിമയുടെ ട്രെയ്‌ലറും ഗാനങ്ങളുമെല്ലാം ടീമിനൊപ്പം കാണുന്നുണ്ട്. ട്രെയ്‌ലർ കണ്ട ശേഷം ശിവകാർത്തികേയൻ ആവേശം പങ്കുവെക്കുന്നതും വീഡിയോയിൽ കാണാം.
'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. നസ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രിൽ 10ന് വിഷു റിലീസായി ചിത്രം തിയേറ്ററിലെത്തും.
കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത്. കോമഡി, ആക്ഷൻ, ഇമോഷൻ എന്നിവ കലർന്ന ചിത്രം ഒരു കംപ്ലീറ്റ് എൻറർടെയ്നർ തന്നെയാണെന്നത് മാത്രമല്ല ബോക്സിങ് പശ്ചാത്തലമാക്കി സ്പോർട്സ് കോമഡി മൂവി ഴോണറിലാണ് സിനിമ കഥ പറയുന്നത്.
ഖാലിദ് റഹ്മാൻ - ജിംഷി ഖാലിദ് ടീമിന്റെ ചിത്രമാണ് ഇതെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.