'100 കോടിയും 200 കോടിയുമൊക്കെ വന്ന് നിക്കടേ'; സിനിമയുടെ കളക്ഷൻ പറഞ്ഞ് സെറ്റിൽ കളിയാക്കാറുണ്ടെന്ന് ഗണപതി

നിഹാരിക കെ.എസ്

വെള്ളി, 4 ഏപ്രില്‍ 2025 (08:45 IST)
'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആലപ്പുഴ ജിംഖാന'. വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. നസ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫര്‍ ജിംഷി ഖാലിദിനെക്കുറിച്ച് പറയുകയാണ് അഭിനേതാക്കളായ ഗണപതിയും നസ്‌ലനും. മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും പ്രേമലുവിന്റേയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ പറഞ്ഞ് തന്നേയും നസ്‌ലനേയും ജിംഷി കളിയാക്കുമെന്നും ഗണപതി പറയുന്നു. പേർളി മാണിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
 
മുൻപിറങ്ങിയ സിനിമകളുടെ കളക്ഷൻ പറഞ്ഞാണ് അദ്ദേഹം തങ്ങളെ കളിയാക്കുന്നതെന്നാണ് ഗണപതി പറയുന്നത്. ജിംഷിക്ക ക്യാമറയൊക്കെ സെറ്റ് ചെയ്തിട്ട്, ഷോട്ട് റെഡി വാ വാ, ആ നൂറ് കോടിയും നൂറ്റമ്പത് കോടിയുമൊക്കെ ഇങ്ങോട്ട് വര്വോ എന്ന് ചോദിക്കും. 100 കോടിയും 200 കോടിയുമൊക്കെ വന്ന് നിക്കടേ.. എന്നാണ് പുള്ളി പറയുക,’ ഗണപതി പറഞ്ഞു.
 
തന്നെ ഹീറോ എന്ന് വിളിച്ചാണ് ട്രോളുന്നതെന്നാണ് നസ്‌ലൻ പറയുന്നത്. ‘ എന്നെ നന്നായി കളിയാക്കും. പുള്ളി തെലുഗു സിനിമയൊക്കെ ചെയ്തിട്ടുണ്ടല്ലോ, അവിടെ നായകന്മാരെ ഹീറോ എന്നാണ് വിളിക്കുക, ഹീറോ വന്ന് നില്‍ക്കൂ എന്നാണ് പറയുക. അപ്പോള്‍ ജിംഷിക്ക ഈ കഥ പറഞ്ഞ ശേഷം എന്നെ മൈക്കില്‍ വിളിക്കുക ഹീറോ എന്നാണ്. ഹീറോ വന്ന് നിൽക്കൂ എന്ന് പറയും’ നസ്‌ലെന്‍ പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍