അക്ഷയ് കുമാറിന്റെ ഹിറ്റ് സിനിമകളിൽ ഒന്നായ ടോയ്‌ലെറ്റ്: ഏക് പ്രേം കഥയെ ജയ ബച്ചൻ വിമർശിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ സിനിമ താൻ കാണില്ല എന്നായിരുന്നു ജയാ പറഞ്ഞത്. ചിത്രത്തിന്റെ പേരിനെയടക്കം വിമർശിച്ചു കൊണ്ടായിരുന്നു ജയ ബച്ചന്റെ പരാമർശം. ജയ ബച്ചന്റെ വിമർശനത്തിന് മറുപടി നൽകിയിരിക്കുകയാണ് അക്ഷയ് കുമാർ ഇപ്പോൾ. സഹതാരങ്ങൾ സിനിമകളെ വിമർശിക്കുമ്പോൾ വിഷമം തോന്നാറുണ്ടോ എന്ന ചോദ്യത്തോടാണ് അക്ഷയ് പ്രതികരിച്ചത്.
'എന്റെ സിനിമകളെ ആരും വിമർശിച്ചിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്. പാഡ്മാൻ പോലുള്ള സിനിമകളെ ഏതെങ്കിലും വിഡ്ഢിയെ വിമർശിക്കുകയുള്ളു. നിങ്ങൾ തന്നെ പറയൂ, ടോയ്‌ലെറ്റ്: ഏക് പ്രേം കഥ ഉണ്ട്, എയർലിഫ്റ്റ് ഉണ്ട്, കേസരി ചെയ്തു, കേസരി 2 വരുന്നു, അങ്ങനെ ഒരുപാട് സിനിമകളുണ്ട്. ഒരു വിഡ്ഢി മാത്രമേ അങ്ങനെ വിമർശിക്കുകയുള്ളു. ഏത് സിനിമയായാലും അത് ആളുകൾക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും അവരെ മനസിലാക്കിക്കുകയും ചെയ്യുന്നുണ്ട്. ആരും എന്നെ വിമർശിച്ചിട്ടില്ലെന്ന് തോന്നുന്നത്', എന്നാണ് അക്ഷയ് കുമാർ പറഞ്ഞത്.
കേസരി 2 എന്ന പുതിയ ചിത്രത്തിന്റെ പ്രമഷൻ പരിപാടിക്കിടെയാണ് അക്ഷയ് കുമാർ സംസാരിച്ചത്. ജയ ബച്ചന്റെ വിമർശനത്തെ കുറിച്ചുള്ള ചോദ്യത്തോട് അവർ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ശരിയാകും എന്നാണ് നടൻ പറയുന്നത്. അതേസമയം, 2017ൽ പുറത്തിറങ്ങിയ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് അഭിനായനെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ ചിത്രമാണ്. ഓരോ വീട്ടിലും ടോയ്ലറ്റ് നിർമ്മിക്കേണ്ട ആവശ്യകതയെ കുറിച്ചാണ് സിനിമ പറഞ്ഞത്.