25 വര്‍ഷത്തിനുശേഷം ഇടവേള ബാബു സ്ഥാനമൊഴിയുന്നു,'അമ്മ'യുടെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത

കെ ആര്‍ അനൂപ്

വ്യാഴം, 23 മെയ് 2024 (09:27 IST)
Edavela Babu
താര സംഘടനയായ 'അമ്മ'യുടെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത. സംഘടനയുടെ വിവിധ പദവികളില്‍ നേതൃത്വം വഹിച്ച ഇടവേള ബാബു 25 വര്‍ഷത്തിനുശേഷം സ്ഥാനമൊഴിയുന്നു എന്നതാണ് പ്രധാന മാറ്റം. ഇനി ഭാരവാഹി ആകാന്‍ താന്‍ ഇല്ലെന്ന് നിലപാട് അദ്ദേഹം എടുത്തു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ് നിലവില്‍ ഇടവേള ബാബു. സെക്രട്ടറി സ്ഥാനം ഒഴിയാന്‍ മോഹന്‍ലാലും സാധ്യതയുണ്ട്. അദ്ദേഹം അതിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്.
 
അമ്മയുടെ തെരഞ്ഞെടുപ്പ് ജൂണ്‍ 30ന് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കും. 506 പേരാണ് സംഘടനയിലെ വോട്ട് അവകാശമുള്ള അംഗങ്ങള്‍. ജൂണ്‍ 3 മുതല്‍ പത്രികകള്‍ സ്വീകരിക്കും. രണ്ടു പതിറ്റാണ്ടില്‍ കൂടുതല്‍ സംഘടനയെ നയിച്ച ഇടവേള ബാബു നേതൃസ്ഥാനത്തുനിന്ന് പടിയിറങ്ങുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ വലിയ പ്രത്യേകത.
 
 ഇനി നേതൃസ്ഥാനങ്ങളില്‍ താന്‍ ഉണ്ടാകില്ലെന്ന് മാധ്യമങ്ങളോട് ഇടവേള ബാബുവും സ്ഥിരീകരിച്ചിട്ടുണ്ട്. താന്‍ ആയിട്ട് മാറിയാലേ അത് നടക്കുകയുള്ളൂവെന്നും ഒരു മാറ്റം അനിവാര്യമാണെന്നും പുതിയ ആള്‍ക്കാര്‍ വരാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പും സ്ഥാനമൊഴിയാനുള്ള സന്നദ്ധത ഇടവേള ബാബു അറിയിച്ചിരുന്നുവെങ്കിലും മമ്മൂട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. ഇത്തവണ എത്ര സമ്മര്‍ദമുണ്ടായാലും നിലപാട് മാറ്റില്ലെന്നാണ് ഇടവേള ബാബു പറയുന്നത്.
 
 
  
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍