സംവിധായകരെ പ്രണയിച്ചു കെട്ടിയ മലയാളത്തിലെ നായികമാര്‍

ശനി, 19 നവം‌ബര്‍ 2022 (14:54 IST)
താരവിവാഹങ്ങള്‍ ഏറെ നടന്നിട്ടുണ്ട് മലയാള സിനിമയില്‍. എന്നാല്‍ സംവിധായകരെ പ്രണയിച്ചു കെട്ടിയ നായികമാരെ അറിയുമോ? മലയാള സിനിമ ആഘോഷമാക്കി സംവിധായകന്‍-നായിക പ്രണയ വിവാഹങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 
 
ഭരതന്‍ - കെ.പി.എ.സി.ലളിത 
 
ഭരതന്‍ സിനിമകളില്‍ സജീവ സാന്നിധ്യമായിരുന്നു ഒരുകാലത്ത് കെ.പി.എ.സി.ലളിത. ഭരതന്‍-ശ്രീവിദ്യ പ്രണയത്തിനിടയില്‍ ഹംസമായി നിന്നിരുന്നത് ലളിതയാണ്. പിന്നീട് ഭരതന്‍ ശ്രീവിദ്യയുമായി അകന്നു. ഒടുവില്‍ ലളിതയുമായി പ്രണയത്തിലാകുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു. 1978 ലാണ് ഇരുവരുടെയും വിവാഹം നടന്നത്. 
 
ഐ.വി.ശശി - സീമ 
 
ഐ.വി.ശശി സിനിമകളിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയാണ് സീമ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ആ ബന്ധം പിന്നീട് പ്രണയമാകുകയും ഇരുവരും ജീവിതത്തില്‍ ഒന്നിക്കുകയും ചെയ്തു. 
 
പ്രിയദര്‍ശന്‍ - ലിസി 
 
1984 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമയിലൂടെയാണ് ലിസിയുടെ അരങ്ങേറ്റം. അന്ന് ലിസിക്ക് 16 വയസ് മാത്രമായിരുന്നു പ്രായം. ലിസിയും പ്രിയദര്‍ശനും തമ്മില്‍ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. ലിസിയുമായി പ്രിയദര്‍ശന്‍ വേഗം സൗഹൃദത്തിലായി. പിന്നീട് പ്രിയദര്‍ശന്‍ സിനിമകളില്‍ ലിസി സ്ഥിര സാന്നിധ്യമായി. ആറ് വര്‍ഷത്തിനിടെ പ്രിയദര്‍ശന്റെ 22 സിനിമകളില്‍ ലിസി അഭിനയിച്ചു. 1990 ഡിസംബര്‍ 13 നാണ് ഒടുവില്‍ ഇരുവരും വിവാഹിതരായത്. പ്രിയദര്‍ശന്‍ തന്നെയാണ് തന്റെ പ്രണയം ലിസിയെ ആദ്യം അറിയിച്ചത്. 24 വര്‍ഷത്തിനു ശേഷം ഇരുവരും പിരിഞ്ഞു.
 
ഷാജി കൈലാസ് - ആനി 
 
ക്രിസ്ത്യാനിയായിരുന്ന ആനി ഷാജി കൈലാസിനെ വിവാഹം കഴിച്ച ശേഷമാണ് മതം മാറിയത്. പേര് ചിത്ര എന്ന് മാറ്റുകയും ചെയ്തു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഷാജി കൈലാസിന്റെ സിനിമകളില്‍ ആനി അഭിനയിച്ചിട്ടുണ്ട്. ഈ സൗഹൃദമാണ് പ്രണയമായത്. 
 
ആഷിഖ് അബു - റിമ കല്ലിങ്കല്‍ 
 
റിമയുടെ കരിയറില്‍ വഴിത്തിരിവായ സിനിമയാണ് 22 എഫ്‌കെ കോട്ടയം. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്തത്. ഈ സിനിമയ്ക്ക് ശേഷമാണ് ഇരുവരും പ്രണയത്തിലായത്. വളരെ ലളിതമായ ചടങ്ങുകളോട് രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.  
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍