നടി സംയുക്ത മേനോന് പിന്നാലെ മഹാകുംഭമേളയക്ക് എത്തി പുണ്യസ്നാനം ചെയ്ത് കെജിഎഫ് താരം ശ്രീനിധി ഷെട്ടി. പ്രയാഗ്രാജിൽ നിന്നുള്ള ചിത്രങ്ങളും ത്രിവേണിസംഗമത്തിലെ പുണ്യസ്നാനത്തിന്റെ വീഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ജീവിതകാലത്തേക്കുള്ള ഓർമ്മ എന്നാണ് സന്തോഷം പങ്കുവച്ചു കൊണ്ട് ശ്രീനിധി കുറിച്ചത്.
”പ്രയാഗ് എന്നെ വിളിക്കുന്നത് പോലെയൊരു തോന്നൽ എനിക്കുണ്ടായി. മഹാകുംഭമേളയ്ക്ക് പങ്കെടുക്കാനുള്ള യാതൊരു പ്ലാനും തുടക്കത്തിൽ എനിക്ക് ഉണ്ടായിരുന്നില്ല. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ജോലിയുടെ തിരക്കായിരുന്നു എനിക്ക്. പക്ഷെ ഈ തോന്നലുണ്ടായപ്പോൾ ഞാൻ ഫ്ളൈറ്റ് ബുക്ക് ചെയ്തു, ബാഗ് പാക്ക് ചെയ്തു, ഇപ്പോഴിതാ ഞാനിവിടെ എത്തിയിരിക്കുന്നു.”
”മഹാകുംഭിലെ മൗനി അമാവാസിയിൽ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യുമ്പോൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത്തരമൊരു പ്രതിഭാസം ഞാൻ അനുഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരിക്കലും പ്രതീക്ഷിക്കാത്തത് നിങ്ങളിലേക്ക് വന്നുചേരും. അതാണ് ജീവിതം. എല്ലാ അനുഗ്രഹങ്ങളും സ്നേഹവും കൊണ്ട് എന്റെ മനസ്സ് നിറഞ്ഞിരിക്കുന്നു” എന്നാണ് ശ്രീനിധി കുറിച്ചിരിക്കുന്നത്.