'ആ പൂച്ചയെ അയച്ചത് ഞാനാണ്’ - വെളിപ്പെടുത്തലുമായി സമ്മർ ഇൻ ബത്‌ലഹേമിലെ നായിക

വ്യാഴം, 29 ഓഗസ്റ്റ് 2019 (12:10 IST)
മഞ്ജു വാര്യർ, ജയറാം, സുരേഷ് ഗോപി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് ‘സമ്മർ ഇൻ ബത്‌ലഹേം’. ആ വർഷത്തെ വമ്പൻ ഹിറ്റ് ചിത്രമായിരുന്നു. ബത്‌ലഹേമിലെ ഡെന്നിസിന്റേയും കൂട്ടുകാരൻ രവി ശങ്കറിന്റേയും കഥയാണ് ചിത്രം പറഞ്ഞത്. തന്റേടിയായ ആമിയെന്ന കഥാപാത്രത്തെയായിരുന്നു മഞ്ജു അവതരിപ്പിച്ചത്.  
 
സിനിമ റിലീസ് ആയി കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞ് ഇപ്പോഴും ആരാധകർ സംവിധായകനോട് ചോദിക്കുന്ന ചോദ്യമാണ് ‘ആരാണ് രവി ശങ്കറിനെ ഒളിഞ്ഞിരുന്ന് പ്രണയിച്ച മുറപ്പെണ്ണ്?’ എന്ന്. എന്നാൽ, അപ്പോഴൊക്കെ അറിയില്ല എന്നായിരുന്നു സിബി മലയിലിന്റെ ഉത്തരം. തിരക്കഥാകൃത്തിനോട് ചോദിച്ചപ്പോഴും ഇതു തന്നെയായിരുന്നു ഉത്തരം. 
 
ഇപ്പോഴിതാ, നായകന് പൂച്ചയെ അയക്കുകയും അദ്ദേഹത്തെ മറഞ്ഞിരുന്നു പ്രണയിക്കുന്നതും തന്റെ കഥാപാത്രമാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഈ നടി രസിക. രവി ശങ്കറിന്റെ മുറപ്പെണ്ണുമാരിൽ ജ്യോതി എന്ന കഥാപാത്രത്തെയാണ് രസിക അവതരിപ്പിച്ചത്.  
 
‘എല്ലാ അര്‍ത്ഥത്തിലും ഒരു മഞ്ജു വാര്യര്‍ ചിത്രമായിരുന്നു. ഞാന്‍ അവതരിപ്പിക്കുന്ന ജ്യോതിക്ക് കഥാഗതിയില്‍ വലിയ പ്രധാന്യമൊന്നുമില്ല. പക്ഷെ നായകനായ ജയറാമിന്റെ അഞ്ചു മുറപ്പെണ്ണില്‍ ഒരുവള്‍. പ്രണയ സന്ദേശം പൂച്ചയുടെ കഴുത്തില്‍ കെട്ടിത്തൂക്കി അയയ്ക്കുന്നതോടെയാണ്‌ സിനിമയുടെ കഥ മാറുന്നത്. ആ പൂച്ചയെ ആരാണ് അയച്ചത് എന്ന് സിനിമയില്‍ പറയുന്നില്ല. പക്ഷെ ജ്യോതിയാണ് പൂച്ചയെ അയക്കുന്നത് എന്ന രീതിയില്‍ സംവിധായകന്‍ എന്നോട് സംസാരിച്ചിരുന്നു’. രസിക വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍