Beeshmaparvam Mammootty: ഒ.ടി.ടി.ക്ക് വേണ്ടി ചെയ്ത സിനിമ, അവസാന സമയം തിയറ്ററിലേക്ക്; ഭീഷ്മ പര്‍വ്വം റിലീസ് ചെയ്തിട്ട് ഒരു വര്‍ഷം

വെള്ളി, 3 മാര്‍ച്ച് 2023 (09:12 IST)
1 year of Beeshmaparvam: മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വത്തിന് ഒരു വയസ്. തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറാതെ നിന്നിരുന്ന മമ്മൂട്ടിയുടെ കരിയറിനെ വലിയൊരു ബ്രേക്കാണ് ഭീഷ്മ പര്‍വ്വം നല്‍കിയത്. ബോക്‌സ്ഓഫീസില്‍ മമ്മൂട്ടി യുഗം അവസാനിച്ചെന്ന് വിധിയെഴുതിയവര്‍ ഭീഷ്മ പര്‍വ്വത്തിനു ലഭിച്ച സ്വീകാര്യത കണ്ട് കണ്ണുതള്ളി. കോവിഡ് പ്രതിസന്ധിക്കിടയിലും മികച്ച ബിസിനസാണ് ഭീഷ്മ പര്‍വ്വം നടത്തിയത്. 
 
ആഗോള തലത്തില്‍ തിയറ്ററുകളില്‍ നിന്ന് 90 കോടിക്ക് മുകളില്‍ കളക്ട് ചെയ്ത ഭീഷ്മ പര്‍വ്വത്തിന്റെ ടോട്ടല്‍ ബിസിനസ് 115 കോടിയാണ്. 2022 ലെ ഏറ്റവും വലിയ ഹിറ്റും മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പണംവാരി ചിത്രവുമായി ഭീഷ്മ പര്‍വ്വം മാറി. 71 കാരനായ മമ്മൂട്ടിയുടെ പൂണ്ടുവിളയാട്ടമാണ് ഭീഷ്മ പര്‍വ്വത്തില്‍ ആരാധകര്‍ കണ്ടത്. മമ്മൂട്ടിയുടെ സ്‌ക്രീന്‍പ്രസന്‍സ് തന്നെയാണ് ചിത്രത്തെ വേറൊരു തലത്തിലേക്ക് ഉയര്‍ത്തിയത്. 
 
അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അമല്‍ നീരദ് തന്നെയാണ്. നിര്‍മാണവും അമല്‍ തന്നെ. മമ്മൂട്ടി, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സുദേവ് നായര്‍, നാദിയ മൊയ്തു, ജിനു ജോസഫ്, ലെന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ആനന്ദ് സി ചന്ദ്രന്റെ ക്യാമറയും സുഷിന്‍ ശ്യാമിന്റെ സംഗീതവും ചിത്രത്തെ വേറൊരു തലത്തിലേക്ക് ഉയര്‍ത്തിയെന്ന് നിസംശയം പറയാം. 
 
കോവിഡ് കാലത്താണ് ഭീഷ്മ പര്‍വ്വം പോലൊരു സിനിമ ചെയ്യാന്‍ അമല്‍ തീരുമാനിച്ചത്. വളരെ ചെറിയൊരു പ്ലോട്ടായിരുന്നു ചിത്രത്തിന്റേത്. കോവിഡ് പ്രതിസന്ധിയുള്ളതിനാല്‍ ചെലവ് ചുരുക്കി ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്ക് വേണ്ടി ഒരു സിനിമ എന്നതായിരുന്നു ആദ്യത്തെ ആലോചന. എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. ഭീഷ്മ പര്‍വ്വം തിയറ്ററുകളിലേക്ക് എത്തിക്കാന്‍ മമ്മൂട്ടി തന്നെയാണ് മുന്‍കൈ എടുത്തത്. പ്രേക്ഷകര്‍ ഈ സിനിമയെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന ഉറപ്പിന്‍മേലാണ് അമല്‍ നീരദും തിയറ്റര്‍ റിലീസിന് സമ്മതിച്ചത്. ഒടുവില്‍ ആ തീരുമാനം ശരിയാണെന്ന് പ്രേക്ഷകര്‍ തെളിയിച്ചു. വന്‍ ലാഭമാണ് ചിത്രം ബോക്‌സ്ഓഫീസില്‍ നിന്ന് കൊയ്തത്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ചിത്രം കാണാം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍