‘ഉറുമി’ ആദ്യം കണ്ടത് മണിരത്നം!

വെള്ളി, 1 ഏപ്രില്‍ 2011 (13:39 IST)
PRO
സന്തോഷ് ശിവന്‍റെ ‘ഉറുമി’ മലയാളികളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്. ഒരു വിഷ്വല്‍ ട്രീറ്റ് എന്നാണ് ഏവരും ഒരേസ്വരത്തില്‍ അഭിപ്രായപ്പെടുന്നത്. ബിഗ്സ്റ്റാര്‍ പൃഥ്വിരാജിന്‍റെ പ്രകടനവും പ്രശംസകള്‍ പിടിച്ചുപറ്റുന്നു. രണ്ടാം ദിവസം ചിത്രത്തിന് വന്‍ തിരക്ക് അനുഭവപ്പെടുന്നു.

ഉറുമിക്ക് ലഭിച്ച അഭിനന്ദനങ്ങളില്‍ സന്തോഷ് ശിവന്‍ ഏറ്റവും വിലപ്പെട്ടതായി കരുതുന്നത് ഇന്ത്യയുടെ ഷോമാന്‍ മണിരത്നം പറഞ്ഞ വാക്കുകളാണ്. സിനിമ കണ്ടിട്ട് മണിരത്നം സന്തോഷ് ശിവന് എസ് എം എസ് അയയ്ക്കുകയായിരുന്നു - “ഉറുമി ഒരു വലിയ അനുഭവമാണ്. ഒരു നല്ല എന്‍റര്‍ടെയ്നര്‍. വളരെ കണ്‍‌വിന്‍സിംഗ് ആയ പ്രകടനമാണ് ചിത്രത്തിന്‍റേത്. ഒരു സന്തോഷ് മാജിക് തന്നെയാണ് ഈ ചിത്രം”.

ഉറുമി റിലീസാകുന്നതിന് ഒരു ദിവസം മുമ്പ്, ബുധനാഴ്ചയാണ് മണിരത്നം ചിത്രം കണ്ടത്. മണിരത്നത്തിനായി ചെന്നൈയിലെ റിയല്‍ ഇമേജസ് സ്റ്റുഡിയോയില്‍ പ്രിവ്യു ഷോ ഒരുക്കുകയായിരുന്നു. സിനിമ കഴിഞ്ഞയുടന്‍, ചിത്രത്തിന്‍റെ തിരക്കുകളുമായി കേരളത്തിലായിരുന്ന സന്തോഷ് ശിവനെ മണിരത്നം വിളിച്ചു. സിനിമയെ അഭിനന്ദിച്ച് ഏറെനേരം സംസാരിച്ചു.

അതിന് ശേഷമാണ് മണിരത്നം മെസേജ് അയച്ചത്. എന്തായാലും മണിരത്നത്തിന്‍റെ വാക്കുകള്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ അവാര്‍ഡായി സന്തോഷ് ശിവന്‍ കരുതുന്നു.

വെബ്ദുനിയ വായിക്കുക