മമ്മൂട്ടിയും പൃഥ്വിയും ഒന്നിക്കുന്ന ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ ഉടന്‍ ഉണ്ടാകില്ല. ചിത്രം ഉടന്‍ ആരംഭിക്കില്ലെന്ന് സംവിധായകന്‍ അമല്‍ നീരദ് അറിയിച്ചു. പകരം ‘ബാച്ച്ലര്‍ പാര്‍ട്ടി’ എന്ന സിനിമയണ് അമല്‍ നീരദ് ഒരുക്കുക.
ബാച്ച്ലര്‍ പാര്‍ട്ടിക്ക് ശേഷം ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ ആരംഭിക്കും. 1950 കാലഘട്ടത്തില്‍ കഥ പറയുന്ന ചിത്രമായിരുന്നു ‘അരിവാള്‍ ചുറ്റിക നക്ഷത്രം’. എന്നാല്‍ പഴയ കാലഘട്ടത്തിലെ കഥ പറഞ്ഞ ‘വെനീസിലെ വ്യാപാരി’ വലിയ ഓളം തീര്‍ക്കാതെ പോയതോടെ ഈ സിനിമയും മാറ്റിവയ്ക്കുകയായിരുന്നു എന്നാണ് സൂചന.
എന്നാല്‍ ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ വേണ്ടെന്നുവച്ചിട്ടില്ല. ബാച്ച്ലര്‍ പാര്‍ട്ടിക്ക് ശേഷം ചിത്രം തുടങ്ങാമെന്നാണ് നിര്‍മ്മാതാവ് പൃഥ്വിരാജിന്‍റെയും അഭിപ്രായം. ബാച്ച്ലര്‍ പാര്‍ട്ടി നിര്‍മ്മിക്കുന്നത് അമല്‍ നീരദ് തന്നെയാണ്. പൃഥ്വിരാജാണ് ‘ബാച്ച്ലര്‍ പാര്‍ട്ടി’യിലെ ഒരു നായകന്‍.
അടുത്ത പേജില്‍ - ബാച്ച്ലര്‍ പാര്‍ട്ടിയില്‍ മറ്റ് നായകര്‍ ആരൊക്കെ?
PRO
ബാച്ച്ലര്‍ പാര്‍ട്ടിയില്‍ പൃഥ്വിരാജിനൊപ്പം സ്റ്റാര്‍ പ്രിന്‍സ് ആസിഫ് അലിയും ഇന്ദ്രജിത്തുമാണ് നായകന്മാരായെത്തുന്നത്. പൃഥ്വിയും ആസിഫും നായകന്‍മാരായെത്തുന്ന ആദ്യ ചിത്രമായിരിക്കും ഇത്. മുമ്പ് പൃഥ്വിയുടെ ‘ഇന്ത്യന്‍ റുപ്പി’യില്‍ ആസിഫ് അതിഥിവേഷത്തില്‍ എത്തിയിരുന്നു.
രമ്യാ നമ്പീശനും നിത്യാ മേനോനുമാണ് ചിത്രത്തിലെ നായികമാര്‍. ക്യാമറ കൈകാര്യം ചെയ്യുന്നതും അമല്‍ നീരദ് തന്നെ. ഉണ്ണി ആര്‍, സന്തോഷ് ഏച്ചിക്കാനം എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്നു.
‘ഹാംഗ്‌ഓവര്‍’ എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ റീമേക്കാണ് ‘ബാച്ച്ലര്‍ പാര്‍ട്ടി’ എന്ന് ഇപ്പോള്‍ത്തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്‍റെ പേരും ആദ്യ ലുക്കുമൊക്കെ കാരണമാണ് ‘ഹാംഗ്‌ഓവര്‍’ സിനിമയുടെ റീമേക്കായി തോന്നുന്നതെന്നാണ് അമല്‍ നീരദ് പറയുന്നത്.