ഹന്‍സികയെ ചിമ്പു വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ടി രാജേന്ദര്‍!

വെള്ളി, 12 ജൂലൈ 2013 (17:03 IST)
PRO
ചിമ്പു അഥവ ചിലമ്പരശന്‍ അഥവാ എസ് ടി ആര്‍ എന്നാണ് വിവാഹിതനാകുന്നത്? ഈ ചോദ്യം കുറേക്കാലമായി കോളിവുഡില്‍ ഉയര്‍ന്നുകേള്‍ക്കുന്നതാണ്. ഒരുകാലത്ത് ഗോസിപ്പുകളുടെ രാജകുമാരനായിരുന്നു ചിമ്പു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഗോസിപ്പുകളോടൊക്കെ വിടപറഞ്ഞ് നല്ലകുട്ടിയായിക്കഴിയുകയാണ് താരം.

ചിമ്പുവിന്‍റെ പിതാവും നടനുമായ ടി രാജേന്ദറോട് ‘എന്നാണ് ചിമ്പുവിന്‍റെ വിവാഹം?’ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കൃത്യമായ ഉത്തരം കിട്ടി. ഇപ്പോള്‍ മകള്‍ ഇലക്കിയയുടെ വിവാഹത്തേക്കുറിച്ചാണ് ചിന്തിക്കുന്നത്. അതിന് ശേഷമേ ചിമ്പുവിന്‍റെ കാര്യം ആലോചിച്ച് തുടങ്ങൂ.

എന്നാല്‍ അതുകഴിഞ്ഞ് ടി രാജേന്ദര്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ തമിഴ് മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്.

“ചിമ്പു തെരഞ്ഞെടുക്കുന്ന ഏത് പെണ്‍കുട്ടിയെയും ഞാന്‍ അംഗീകരിക്കും. അത് ഹന്‍‌സിക ആയാല്‍പ്പോലും” - ഇതായിരുന്നു രാജേന്ദറിന്‍റെ വാക്കുകള്‍.

‘വാലു’ എന്ന പുതിയ ചിത്രത്തില്‍ ചിമ്പുവിന്‍റെ നായികയാണ് ഹന്‍‌സിക. ഇനി ഹന്‍സികയോട് ചിമ്പുവിന് പ്രണയം തോന്നിയിട്ടുണ്ടാകുമോ? അത് അറിഞ്ഞിട്ടായിരിക്കുമോ രാജേന്ദര്‍ ഇങ്ങനെ പ്രതികരിച്ചത്? കോളിവുഡ് തല പുകയ്ക്കുകയാണ്.

വെബ്ദുനിയ വായിക്കുക