സുനന്ദ പുഷ്കറിന്‍റെ മരണം സിനിമയ്ക്ക് വിഷയമാകുന്നതായി റിപ്പോര്‍ട്ട്. എ എം ആാര്‍ രമേഷ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം ‘ഒരു മെല്ലിയ കോഡ്’ സുനന്ദയുടെ കഥയാണ് പറയുന്നതെന്നാണ് വിവരം. മനീഷ കൊയ്‌രാളയാണ് ഈ സിനിമയിലെ നായിക. മനീഷ അവതരിപ്പിക്കുന്ന കഥാപാത്രം ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നതും അതേപ്പറ്റി നടക്കുന്ന അന്വേഷണവുമാണ് സിനിമയുടെ വിഷയമെന്നാണ് സൂചന. എന്നാല്‍ ഇതേപ്പറ്റി സംവിധായകനോ മറ്റുള്ളവരോ സ്ഥിരീകരണം നല്‍കിയിട്ടില്ല.
“ഈ സിനിമ ഒരു മര്‍ഡര്‍ മിസ്റ്ററിയാണ്. മനീഷ അവതരിപ്പിക്കുന്ന കഥാപാത്രം കൊല്ലപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന അന്വേഷണ പരമ്പരയാണ് വിഷയം. സിനിമ റിലീസ് ചെയ്തുകഴിയുമ്പോള്‍ പ്രേക്ഷകര്‍ക്ക് ബാക്കി വിവരങ്ങള്‍ പിടികിട്ടും. ഇതില്‍ക്കൂടുതലൊന്നും ഇപ്പോള്‍ ഈ സിനിമയെക്കുറിച്ച് പറയാന്‍ കഴിയില്ല” - എ എം ആര്‍ രമേഷ് വ്യക്തമാക്കി.
നേരത്തെ വീരപ്പനെ കേന്ദ്രകഥാപാത്രമാക്കി ‘വനയുദ്ധം’ എന്ന സിനിമ സംവിധാനം ചെയ്ത് വിവാദപുരുഷനായ സംവിധായകനാണ് രമേഷ്. മെല്ലിയ കോഡ് ചിത്രീകരണം ആരംഭിക്കുമ്പോള്‍ തന്നെ വിവാദവും തലപൊക്കി. ഈ സിനിമയുടെ കഥ എന്താണെന്ന് കോണ്‍ഗ്രസ് വക്താവും നടിയുമായ ഖുശ്ബു ചിത്രത്തിന്‍റെ ഒരു അണിയറപ്രവര്‍ത്തകനോട് അന്വേഷിച്ചുവത്രേ. ഈ സംഭവത്തില്‍ സംവിധായകന്‍ അതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു.
“സുനന്ദയുടെ മരണത്തേക്കുറിച്ചാണോ ഈ സിനിമയുടെ കഥയെന്ന് ഖുശ്ബു എന്‍റെയൊരു ടീം മെമ്പറിനോട് അന്വേഷിച്ചു. ഞാന്‍ എന്തിന് എന്‍റെ സിനിമയുടെ കഥ ഖുശ്ബുവിനെ അറിയിക്കണം? എന്‍റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകര്‍ക്കുപോലും സിനിമയുടെ കഥ അറിയില്ലെന്നതാണ് സത്യം. ഇനി എന്തെങ്കിലും അറിയണം എന്നുണ്ടെങ്കില്‍ ഖുശ്ബു എന്നെ വിളിക്കട്ടെ” - എ എം ആര്‍ രമേഷ് പറയുന്നു.