'സാർ എന്നെ കഴുതക്കുട്ടി എന്ന് വിളിച്ചില്ലല്ലോ?' - ഐ വി ശശിയോട് പരാതി പറഞ്ഞ മമ്മൂട്ടി

ബുധന്‍, 25 ഒക്‌ടോബര്‍ 2017 (09:58 IST)
മലയാളത്തിന്റെ സ്വന്തം സംവിധായകൻ ഐ വി ശശി ഓർമയായി. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് മേക്കറായ അദ്ദേഹം 150 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി സൂപ്പർതാരങ്ങളെയെല്ലാം അണിനിരത്തി അദ്ദേഹം നിരവധി ചിത്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
 
എം ടി വാസുദേവന്‍ നായർ തിരക്കഥയെഴുതിയ തൃഷ്ണയാണ് മമ്മൂട്ടിയും ഐ വി ശശിയും ആദ്യമായി ഒന്നിച്ച ചിത്രം. രതീഷിനെയായിരുന്നു ഐ വി ശശി ആദ്യം സമീപിച്ചത്. എന്നാൽ, തന്റെ സിനിമകളുടെ തിരക്കുകൾ മൂലം രതീഷിനു വരാൻ കഴിഞ്ഞില്ല. പകരം ഒരാളെ അയാക്കാമെന്നും അയാള്‍ ചിലപ്പോള്‍ എന്നെക്കാള്‍ നല്ല നടനായി മാറുമെന്നും രതീഷ് അന്ന് പറഞ്ഞിരുന്നു. 
 
അങ്ങനെ രതീഷിന്റെ നിർദേശപ്രകാരം ഐ വി ശശിക്കു മുന്നിൽ എത്തിയ നടനാണ് ഇന്നത്തെ മെഗാസ്റ്റാർ മമ്മൂട്ടി. തൃഷ്ണയുടെ ചിത്രീകരണം കഴിഞ്ഞപ്പോൾ മമ്മൂട്ടി ഐ വി ശശിയോട് 'സാര്‍ തന്നെ കഴുതക്കുട്ടി എന്ന് വിളിച്ചില്ലല്ലോ'യെന്ന് പരിഭവത്തോടെ പറഞ്ഞു. 
 
മമ്മൂട്ടിയുടെ വിഷമം മനസ്സിലാക്കിയ സംവിധായകന്‍ അദ്ദേഹത്തെ ചേര്‍ത്ത് പിടിച്ച് അനുഗ്രഹിച്ചാണ് യാത്രയാക്കിയത്. അന്ന് അതിനൊരു കാരണമുണ്ടായിരുന്നു. ഐവി ശശി ദേഷ്യപ്പെട്ട് കഴുതക്കുട്ടി എന്ന് വിളിച്ചാലെ താരങ്ങള്‍ക്ക് ഭാഗ്യം തെളിയൂ എന്നൊരു കഥ അക്കാലത്ത് പ്രചരിക്കുന്നുണ്ടായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍