സാഹസികത എപ്പോഴും മമ്മൂട്ടിക്കൊപ്പമുണ്ട്, അപാര സ്പീഡും; പിന്നെ ടൊവിനോ എന്തിന് പേടിക്കണം!

വെള്ളി, 18 ഓഗസ്റ്റ് 2017 (13:53 IST)
മലയാള സിനിമയില്‍ എന്നും മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുള്ള താരമാണ് മമ്മൂട്ടി. പുതുമ എവിടെക്കണ്ടാലും അത് പരീക്ഷിക്കാന്‍ മമ്മൂട്ടിക്ക് ആവേശമാണ്. പുതിയ താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുന്നതും മമ്മൂട്ടിയുടെ ലഹരി.
 
ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ മമ്മൂട്ടിക്കൊപ്പം നായകനാകുന്നത് ടൊവിനോ തോമസ് ആണ്. മമ്മൂട്ടിയും ടൊവിനോയും ഇതാദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. ഇ ഫോര്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ തിരക്കഥ ഉണ്ണി ആര്‍.
 
ഒരു ഫണ്‍ അഡ്വഞ്ചര്‍ ട്രാവല്‍ മൂവിയാണ് മമ്മൂട്ടി - ടൊവിനോ - ബേസില്‍ ടീമിന്‍റേതായി ഒരുങ്ങുന്നത്. മമ്മൂട്ടിയും ടൊവിനോയും ഒരു ലക്‍ഷ്യത്തിനായി യാത്ര തിരിക്കുന്നതും അതിനിടെയുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമായിരിക്കും ഈ സിനിമയുടെ കാതല്‍.
 
മമ്മൂട്ടിയുടെ കാറോട്ടരംഗങ്ങള്‍ ചിത്രത്തിന്‍റെ ഹൈലൈറ്റ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയുടെ കാര്‍ ചേസ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ സിനിമ വരുന്നത്. എന്തായാലും മെഗാസ്റ്റാര്‍ ആരാധകര്‍ക്ക് ആഹ്ലാദിക്കാനുള്ള എല്ലാ വകയും ഉള്‍പ്പെടുത്തിയ സിനിമയാണ് ബേസില്‍ ഒരുക്കുന്നത്.

വെബ്ദുനിയ വായിക്കുക