ഷങ്കറുമായി അഭിപ്രായവ്യത്യാസമില്ല: സുരേഷ്ഗോപി

ശനി, 10 ജനുവരി 2015 (10:18 IST)
'ഐ'യുടെ സംവിധായകന്‍ ഷങ്കറുമായി തനിക്ക് അഭിപ്രായവ്യത്യാസമില്ലെന്ന് സുരേഷ്ഗോപി. താനും ഷങ്കറും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് അസൂയാലുക്കളാണെന്നും സുരേഷ്ഗോപി.
 
ഐ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രമായ ഡോക്ടറായാണ് സുരേഷ്ഗോപി അഭിനയിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചില്‍ സുരേഷ്ഗോപി പങ്കെടുക്കാതിരുന്നതും ട്രെയിലറുകളില്‍ സുരേഷ്ഗോപിയുടെ ദൃശ്യങ്ങള്‍ ഇല്ലാത്തതും ഏറെ അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. സുരേഷ്ഗോപിയും ഷങ്കറും തമ്മില്‍ നല്ല ബന്ധത്തിലല്ലെന്നും സുരേഷ്ഗോപി അഭിനയിച്ച രംഗങ്ങളില്‍ ചിലത് ചിത്രത്തില്‍ നിന്നും വെട്ടിമാറ്റിയതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
 
എന്നാല്‍ താന്‍ 'ഐ'യില്‍ അഭിനയിക്കാന്‍ ചില നിബന്ധനകള്‍ വച്ചിരുന്നതായി സുരേഷ്ഗോപി വെളിപ്പെടുത്തി. സിനിമയുടെ പ്രൊമോഷന്‍ പരിപാടികളിലോ നൂറാം ദിനാഘോഷവേളയിലോ ഒന്നും താന്‍ പങ്കെടുക്കില്ലെന്ന് താരം ഷങ്കറിനെ അറിയിച്ചിരുന്നു. മദ്യപിക്കുന്നതോ പുകവലിക്കുന്നതോ ആയ രംഗങ്ങള്‍ അഭിനയിക്കില്ല, രാത്രി എട്ടുമണിക്ക് ശേഷം ചിത്രീകരണത്തില്‍ പങ്കെടുക്കില്ല തുടങ്ങിയ നിബന്ധനകള്‍ താന്‍ വച്ചിരുന്നു എന്നും അതെല്ലാം ഷങ്കര്‍ അംഗീകരിച്ചിരുന്നു എന്നും സുരേഷ്ഗോപി അറിയിച്ചു.
 
'ഐ'യുടെ റിലീസ് ബുധനാഴ്ച തന്നെയുണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. വിക്രമിന്‍റെ നായികയായി എമി ജാക്സണ്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഉപന്‍ പട്ടേലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി സി ശ്രീറാം ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്‍റെ സംഗീതസംവിധാനം എ ആര്‍ റഹ്‌മാനാണ്.

വെബ്ദുനിയ വായിക്കുക