സുരേഷ്ഗോപി അധികം തമിഴ് സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ല. കൃത്യമായി പറഞ്ഞാല്‍ സുരേഷ്ഗോപി അഭിനയിച്ച മൂന്ന് തമിഴ് സിനിമകളേയുള്ളൂ. ഫാസില്‍ സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ കര്‍പ്പൂര മുല്ലൈ ആണ് ആദ്യ ചിത്രം. അതില്‍ ഒരു പാട്ടുരംഗത്ത് മാത്രം വരുന്ന കാമിയോ റോള്‍ ആയിരുന്നു.
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ദീനയില്‍ അജിത്തിന്‍റെ ജ്യേഷ്ഠസഹോദരന്‍ ആദികേശവനായി മലയാളത്തിന്‍റെ ആക്ഷന്‍ കിംഗ് മിന്നിത്തിളങ്ങി. പിന്നീട് ശരത്കുമാറിനൊപ്പം സമസ്ഥാനം എന്ന ചിത്രത്തിലും സുരേഷ്ഗോപി വേഷമിട്ടു.
ഇപ്പോള്‍ തമിഴില്‍ ഒരു ബ്രഹ്മാണ്ഡചിത്രത്തിലേക്ക് സുരേഷ്ഗോപി കരാറായിരിക്കുകയാണ്. ഷങ്കര്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രത്തില്‍ നായകതുല്യമായ കഥാപാത്രത്തെയാണ് സുരേഷ്ഗോപി അവതരിപ്പിക്കുന്നത്. ‘ഐ’ (I) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സാമന്തയാണ് നായിക.
മലയാളത്തില്‍ നിന്ന് നെടുമുടിവേണു, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ തുടങ്ങിയവര്‍ ഷങ്കര്‍ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ മലയാളത്തിലെ ഒരു നായകനടനെ ഷങ്കര്‍ തന്‍റെ സിനിമയിലേക്ക് ക്ഷണിക്കുന്നത് ആദ്യമാണ്. സുരേഷ്ഗോപിയുടെ ആക്ഷന്‍ ഇമേജ് നിലനിര്‍ത്തുന്ന വേഷമായിരിക്കും ‘ഐ’യിലേത്.
ഐ ഒരു റൊമാന്‍റിക് ത്രില്ലറാണ്. എ ആര്‍ റഹ്‌മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം പി സി ശ്രീറാം. ജൂലൈ 15ന് ചെന്നൈയില്‍ ചിത്രീകരണം ആരംഭിക്കും.
മുമ്പ് ഈ പ്രൊജ്കടിന് ‘തേര്‍തല്‍’ എന്നാണ് നാമകരണം ചെയ്തിരുന്നത്. എന്നാല്‍ കഥയ്ക്ക് കൂടുതല്‍ അനുയോജ്യം ‘ഐ’ എന്ന പേരാണെന്ന് തിരിച്ചറിഞ്ഞ് പേര് മാറ്റുകയായിരുന്നു. അന്യന് ശേഷം വിക്രം നായകനാകുന്ന ഷങ്കര്‍ ചിത്രമാണ് ഐ.