ശ്രീനിവാസനെ സ്നേഹിക്കുന്നവര്‍ കണ്ടാല്‍ സഹിക്കില്ല, തീവ്രത്തിന് തമിഴ് പതിപ്പ് വരുന്നു; നിര്‍മ്മാതാവിനെതിരെ ആഞ്ഞടിച്ച് രൂപേഷ് പീതാംബരന്, തനിക്ക് 42 ലക്ഷം നഷ്ടം വന്നെന്ന് നിര്‍മ്മാതാവ് !
2012 നവംബറിലാണ് തീവ്രം എന്ന സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. ദുല്‍ക്കര്‍ സല്‍മാന്റെ കരിയറിന്റെ തുടക്കകാലം. സ്ഫടികത്തില്‍ ‘ജൂനിയര്‍ ആടുതോമ’യായി അഭിനയിച്ച രൂപേഷ് പീതാംബരന് സംവിധാനം ചെയ്ത ചിത്രം. തിയേറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിച്ചില്ലെങ്കിലും തീവ്രം കണ്ടവരൊന്നും ആ ചിത്രം പെട്ടെന്ന് മറക്കില്ല. എന്നും എക്കാലത്തും പ്രസക്തമായ ഒരു വിഷയത്തിന്റെ മികച്ച ആവിഷ്കാരമായിരുന്നു അത്.
ഈ ഡാര്‍ക്ക് റിവഞ്ച് ത്രില്ലര്‍ നിര്‍മ്മിച്ചത് വി സി ഐ മൂവീസിന്റെ ബാനറില്‍ വി സി ഇസ്മായില്‍ ആയിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം തീവ്രത്തിന് തമിഴ് പതിപ്പ് വരുന്നു. ‘ആത്തിരം’ എന്നാണ് തമിഴ് റീമേക്കിന് പേര്.
നിര്‍മ്മാതാവ് വി സി ഇസ്മായില്‍ ആണ് ഈ നീക്കത്തിന് പിന്നിലെന്നും തന്റെ അറിവോ സമ്മതമോ ഇതിനില്ലെന്നും രൂപേഷ് പീതാംബരന് ആരോപിക്കുന്നു. മാത്രമല്ല, ഒരു സംവിധായകരും ഇനി വി സി ഇസ്മായിലിനോട് സഹകരിക്കരുതെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂപേഷ് പീതാംബരന് പറയുന്നു.
എന്നാല്‍ ‘തീവ്രം’ എന്ന സിനിമയിലൂടെ തനിക്ക് 42 ലക്ഷം രൂപ നഷ്ടം വന്നെന്നും ചിത്രത്തിന്റെ ഡബ്ബിംഗ് അവകാശമാണ് നല്‍കിയിരിക്കുന്നതെന്നും റീമേക്ക് അവകാശം നല്‍കിയിട്ടില്ലെന്നും നിര്‍മ്മാതാവ് ഇസ്മായില്‍ പ്രതികരിച്ചു. ഡബ്ബിംഗ് അവകാശം നല്‍കിയതിലൂടെ ഒരുലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. റീമേക്ക് അവകാശം നല്കുകയാണെങ്കില് മാത്രമേ സംവിധായകന്റെ അനുവാദം ചോദിക്കേണ്ട ആവശ്യമുള്ളൂ എന്നും ഇസ്മായില്‍ പറയുന്നു.
എന്തായാലും തീവ്രത്തിന്റെ തമിഴ് പതിപ്പായ ആത്തിരത്തിന്റെ ട്രെയിലര്‍ കണ്ടാല്‍ ശ്രീനിവാസനെ സ്നേഹിക്കുന്നവര്‍ സഹിക്കില്ല. അത്ര മോശമായാണ് ശ്രീനിവാസന്റെ കഥാപാത്രത്തിന് തമിഴില്‍ ശബ്ദം നല്‍കിയിരിക്കുന്നത്.