വിഷുവിന് തോമ വരും, ജാഗ്രതൈ!

വെള്ളി, 15 ഫെബ്രുവരി 2013 (14:14 IST)
PRO
തന്‍റെ രൂപ ഭാവങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി സിനിമകളില്‍ പ്രത്യക്ഷപ്പെടാന്‍ എന്നും ഉത്സാഹം കാണിച്ചിട്ടുള്ള നടനാണ് ദിലീപ്. ഏഴരക്കൂട്ടം, കുഞ്ഞിക്കൂനന്‍, ചാന്തുപൊട്ട്, പച്ചക്കുതിര, ചക്കരമുത്ത്, മായാമോഹിനി തുടങ്ങിയ സിനിമകള്‍ അതിന് ഉദാഹരണങ്ങളാണ്. മായാമോഹിനി മലയാള സിനിമയിലെ ഏറ്റവും വലിയ പണം‌വാരിപ്പടങ്ങളില്‍ ഒന്നാണ്. ഇപ്പോഴിതാ ദിലീപ് മറ്റൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ്.

‘സൌണ്ട് തോമ’ എന്ന ചിത്രത്തില്‍ ദിലീപ് മുറിച്ചുണ്ടനായാണ് അഭിനയിക്കുന്നത്. മൂക്കും വളഞ്ഞിട്ടാണ്. മേക്കപ്പിന്‍റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്ന പ്രൊജക്ടാണിത്. മാത്രമല്ല, ദിലീപ് തന്‍റെ ശബ്ദത്തിലും ഈ ചിത്രത്തില്‍ പരീക്ഷണം നടത്തുന്നുണ്ട്. ഒരു മുറിച്ചുണ്ടന്‍റെ ശബ്ദവ്യതിയാനങ്ങള്‍ ദിലീപ് തന്നെ ഡബ്ബ് ചെയ്യും.

ബെന്നി പി നായരമ്പലമാണ് സൌണ്ട് തോമയുടെ തിരക്കഥ രചിക്കുന്നത്. ‘ഫിനാന്‍ഷ്യലി സൌണ്ട് ആയ പശ്ചാത്തലത്തില്‍ നിന്ന് വരുന്നതുകൊണ്ടാണ് സൌണ്ട് തോമ എന്ന പേര് ദിലീപിന്‍റെ കഥാപാത്രത്തിന് വന്നത്. ആധുനിക കാലത്തെ കുട്ടനാട്ടില്‍ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്” - ബെന്നി പി നായരമ്പലം വ്യക്തമാക്കി.

‘പുതിയ തീരങ്ങള്‍’ ഫെയിം നമിതയാണ് സൌണ്ട് തോമയിലെ നായിക. റേഡിയോ ജോക്കിയുടെ വേഷമാണ് നമിതയ്ക്ക്. ദിലീപിന്‍റെ സഹോദരന്‍ അനൂപാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചക്കരമുത്തില്‍ കൃത്രിമച്ചെവിയുണ്ടാക്കി വച്ച് വലിയ പരീക്ഷണം നടത്തിയ ചരിത്രമുണ്ട് ദിലീപിന്. കല്യാണരാമനില്‍ മുഖത്ത് വലിയ മേക്കപ്പ് പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. പച്ചക്കുതിരയില്‍ പല്ലിലും കണ്ണടയിലും പരീക്ഷണം നടത്തി. കുഞ്ഞിക്കൂനനില്‍ കൂനും പല്ലുമായിരുന്നു പ്രത്യേകത. സൌണ്ട് തോമയും ഹിറ്റാകുമെന്ന് പ്രതീക്ഷിക്കാം.

പോക്കിരിരാജ, സീനിയേഴ്സ്, മല്ലുസിംഗ് എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സൌണ്ട് തോമ. ദിലീപ് ആദ്യമായാണ് വൈശാഖിന്‍റെ സിനിമയില്‍ അഭിനയിക്കുന്നത്. വിഷുവിനാണ് സൌണ്ട് തോമ പ്രദര്‍ശനത്തിനെത്തുന്നത്.

വെബ്ദുനിയ വായിക്കുക