വിഷുവിന് അരങ്ങൊരുക്കാന്‍ ലാല്‍ ജെന്റില്‍മാനായെത്തും!

ഞായര്‍, 24 മാര്‍ച്ച് 2013 (17:58 IST)
PRO
PRO
വിഷുവിന് അരങ്ങൊരുക്കാന്‍ മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ എത്തുന്നു, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രവുമായി. സംവിധായകന്‍ സിദ്ധിക്കിന്റെ ചിത്രത്തില്‍ രണ്ട് പതിറ്റാണ്ടിനുശേഷം ലാല്‍ നായകനാവുന്നുവെന്നത് ചലചിത്രലോകം പ്രതീക്ഷിയോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഹിറ്റില്‍ കവിഞ്ഞ ഒന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല. 1992-ല്‍ വിയറ്റ്നാം കോളനിയാണ് സിദ്ധിക്കും മോഹന്‍ലാലും അവസാനം ഒന്നിച്ച ചിത്രം. ബോഡി ഗാര്‍ഡിലൂടെ ഹിന്ദിയില്‍ നൂറു കോടി ക്ലബ്ബില്‍ അംഗമാണ് സിദ്ധിക്ക്.

നാല്‌ സ്‌ത്രീകളുടെയും ഒരു പുരുഷന്റേയും കഥ പറയുന്ന ചിത്രത്തില്‍ മീരാജാസ്‌മിന്‍, മം‌മ്താ മോഹന്‍ദാസ്‌, പദ്‌മപ്രിയ, മിത്രാ കുര്യന്‍ എന്നിവരാണ്‌ മോഹന്‍ലാലിന്റെ നായികമാരാവുന്നത്‌. സമകാലിക ലോകത്തില്‍ യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയമാവുന്നത്‌. മമതയും മിത്രയും ഐടി പ്രഫഷണലുകളായും മീര ഒരു കമ്പനിയുടെ സിഇഒ ആയും പദ്‌മപ്രിയ ഒരു എയര്‍ ഹോസ്‌റ്റസായുമാണ്‌ വേഷമിടുന്നത്‌.

മോഹന്‍ലാലിനൊപ്പം ഒരു പ്രധാന കഥാപാത്രമാവുന്നത് ജയഭാരതിയുടെ മകന്‍ കൃഷ് ആണ്. ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മാന്റെ കഥയും തിരക്കഥയും സിദ്ദിഖ്‌ തന്നെയാണ്‌. ആശിര്‍വാദ്‌ സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്‌ ചിത്രം നിര്‍മിക്കുന്നത്‌.

വെബ്ദുനിയ വായിക്കുക