വമ്പന്‍ തിരിച്ചുവരവിന് ഫഹദ് ഫാസില്‍, സിദ്ദിക്ക് നിര്‍മ്മാതാവാകുന്നു!

തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (14:44 IST)
സംവിധായകന്‍ സിദ്ദിക്ക് നിര്‍മ്മാതാവാകുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി സിദ്ദിക്ക് സംവിധാനം ചെയ്യുന്ന ചിത്രം സിദ്ദിക്ക് തന്നെ നിര്‍മ്മിക്കും. ഡ്രീം സെന്‍റേഴ്സ് എന്നാണ് സിദ്ദിക്ക് തന്‍റെ നിര്‍മ്മാണക്കമ്പനിക്ക് പേര് നല്‍കിയിരിക്കുന്നത്.
 
ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ തിരക്കഥ സിദ്ദിക്ക് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഒരു തകര്‍പ്പന്‍ കോമഡിച്ചിത്രമായിരിക്കും ഇതെന്നാണ് അണിയറ റിപ്പോര്‍ട്ടുകള്‍.
 
അതേസമയം, കരിയറില്‍ തിരിച്ചടി നേരിട്ട ഫഹദ് ഫാസില്‍ വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മലയാള സിനിമയില്‍ സൂപ്പര്‍ സംവിധായകരെല്ലാം ഫഹദിനെ നായകനാക്കി സിനിമയെടുക്കാനൊരുങ്ങുകയാണ്.
 
ജോഷിയുടെ ചിത്രത്തില്‍ ഫഹദ് നായകനാകും. ഇമ്മാനുവല്‍, അച്ഛാ ദിന്‍ എന്നീ സിനിമകള്‍ക്ക് തിരക്കഥയെഴുതിയ എ സി വിജീഷായിരിക്കും ഈ ചിത്രം എഴുതുക. ജോഷി തന്‍റെ പതിവ് ട്രാക്ക് വിട്ട് ഒരു കോമഡിച്ചിത്രമാണ് ഇത്തവണ ചെയ്യുന്നത്.
 
സത്യന്‍ അന്തിക്കാട് രചനയും സംവിധാനവും നിര്‍വഹിക്കുന പുതിയ ചിത്രത്തിലും ഫഹദ് ഫാസില്‍ തന്നെയാണ് നായകന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ‘മഹേഷിന്‍റെ പ്രതികാരം’ എന്ന ചിത്രത്തിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക