ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ മോഹന്‍ലാല്‍ എന്തുകൊണ്ട് അഭിനയിക്കുന്നില്ല എന്നത് ഏറെക്കാലമായി ലാല്‍ ജോസിന്‍റെയും മോഹന്‍ലാലിന്‍റെയും ആരാധകര്‍ ചര്‍ച്ച ചെയ്യുന്ന വിഷയമായിരുന്നു. അതിന് എന്തായാലും ഏകദേശം ഒരു ഉത്തരമായിട്ടുണ്ട്. ലാല്‍ ജോസിന് അടുത്തുതന്നെ ഒരു മോഹന്‍ലാല്‍ ചിത്രം ഉണ്ടാകുമെന്നാണ് സൂചന. ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥയില്‍ ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കും അതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ലാല്‍ ജോസ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കാത്തതെന്തെന്ന് ചോദിക്കുന്നവര്‍ മറന്നുപോയ മറ്റൊരു വസ്തുതയുണ്ട്. ലാല്‍ ജോസ് ചിത്രങ്ങളില്‍ മോഹന്‍ലാല്‍ മാത്രമല്ല, ജയറാമിനെയും ഇതുവരെ കണ്ടിട്ടില്ല. ഒരു ജയറാം ചിത്രം പോലും ലാല്‍ ജോസ് സംവിധാനം ചെയ്തിട്ടില്ല.
കുടുംബങ്ങളുടെ പ്രിയപ്പെട്ട സംവിധായകനായിരുന്നിട്ടും കുടുംബങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട താരമായ ജയറാമിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ലാല്‍ ജോസിന് കഴിഞ്ഞിട്ടില്ല. അതിനുപിന്നില്‍ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ എന്നറിയില്ല. ഒരുപക്ഷേ, ജയറാമോ ലാല്‍ ജോസോ പോലും ഇക്കാര്യം ഇതുവരെ ആലോചിച്ചിട്ടുപോലുമുണ്ടാകില്ല.
ലാല്‍ ജോസിന്‍റെ ഗുരുവായ കമലിന് ഏറ്റവും പ്രിയപ്പെട്ട നായകന്‍മാരില്‍ ഒരാളായിരുന്നു ജയറാം. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, തൂവല്‍സ്പര്‍ശം, ശുഭയാത്ര, പ്രാദേശികവാര്‍ത്തകള്‍, പൂക്കാലം വരവായി, ആയുഷ്കാലം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, കൈക്കുടന്ന നിലാവ്, സ്വപ്നസഞ്ചാരി, നടന്‍ തുടങ്ങിയ കമല്‍ ചിത്രങ്ങളില്‍ ജയറാം ആയിരുന്നു നായകന്‍.
ജയറാമിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ സംവിധാന സഹായിയായിട്ടുണ്ട് ലാല്‍ ജോസ്. എന്നാല്‍ സംവിധായകനായി 22 സിനിമകള്‍ കഴിഞ്ഞിട്ടും ലാല്‍ ജോസ് ഒരു ജയറാം ചിത്രം ഒരുക്കിയില്ല. ഭാവിയില്‍ ജയറാം - ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഒരു മികച്ച ചിത്രം ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു.