ആകെ തകര്‍ന്ന അവസ്ഥയിലാണ് സംഗീത സംവിധായകന്‍ രതീഷ് വേഗ. വലിയ ഒരു സ്വപ്നം, കാറ്റത്തുവീണ കളിവീടുപോലെ തകര്‍ന്നുപോയിരിക്കുന്നു. 'ലാലിസം' എന്ന എക്കാലത്തെയും വലിയ ആഗ്രഹത്തെ ആളുകള്‍ പിച്ചിച്ചീന്തുകയാണ്. ലാലിസത്തിന്‍റെ എല്ലാമെല്ലാമായ രതീഷ് വേഗ മാധ്യമങ്ങളില്‍ നിന്നും എല്ലാവരില്‍ നിന്നും മാറിനില്‍ക്കുന്നു. എല്ലാ തെറ്റുകളും തന്‍റെ തലയില്‍ തന്നെ ഇരുന്നോട്ടെ എന്നാണ് രതീഷ് പറയുന്നത്.
"ലാലേട്ടന്‍ എന്നും വിളിക്കും. സമാധാനിപ്പിക്കും. സിനിമയില്‍ നിന്ന് മറ്റാരും വിളിച്ചില്ല" - മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ രതീഷ് വേഗ പറയുന്നു.
ലാലിസത്തിന് എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാനോ മറ്റ് കാര്യങ്ങള്‍ പറയാനോ മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത ഒരു മാനസികാവസ്ഥയിലാണ് താനെന്ന് രതീഷ് വേഗ പറയുന്നു. ഇപ്പോഴത്തെ ഈ അവസ്ഥ വരാന്‍ പോകുന്ന പ്രൊജക്ടുകളെയെല്ലാം ബാധിച്ചേക്കും. എന്താണ് സംഭവിച്ചതെന്നുപോലും മനസിലാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് അഭിമുഖത്തില്‍ രതീഷ് വേഗ പറയുന്നു.
ലാലിസത്തിന്‍റെ പേരില്‍ മോഹന്‍ലാലിനും രതീഷ് വേഗയ്ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അവസാനിച്ചിട്ടില്ല. പരിപാടിയുടെ പണം മോഹന്‍ലാല്‍ തിരിച്ചുനല്‍കിയിട്ടും ആക്രമണം തുടരുകയാണ്. മോഹന്‍ലാലിനെ വെറുതെ വിടണമെന്ന ആവശ്യവുമായി മമ്മൂട്ടി ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
കാത്തിരിക്കാം, രതീഷ് വേഗയുടെ മടങ്ങിവരവിനായി. മറ്റൊരു ആറ്റുമണല്‍പ്പായയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. മറ്റൊരു 'മഴനീര്‍ത്തുള്ളികള്‍ നിന്‍ തണുനീര്‍മുത്തുകള്‍' കേള്‍ക്കാനാകട്ടെ എന്ന് ആഗ്രഹിക്കാം.