മോഹന്‍ലാല്‍ യുദ്ധം പ്രഖ്യാപിച്ചു, ഗ്രേറ്റ്ഫാദറിനെ വെള്ളിയാഴ്ച മലര്‍ത്തിയടിക്കും?!

വ്യാഴം, 6 ഏപ്രില്‍ 2017 (17:33 IST)
വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുകയാണ് മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍ നായകനാകുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. മേജര്‍ രവി സംവിധാനം ചെയ്യുന്ന ഈ വാര്‍ ഫിലിം മലയാളത്തിലെ ബിഗ്ബജറ്റ് സിനിമകളില്‍ ഒന്നാണ്. മോഹന്‍ലാലിന്‍റെ ഡബിള്‍ റോളും ത്രസിപ്പിക്കുന്ന യുദ്ധരംഗങ്ങളുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.
 
1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് റിലീസ് ചെയ്യുമ്പോള്‍ ഒരു സവിശേഷ സാഹചര്യമാണ് മലയാളത്തില്‍ നിലനില്‍ക്കുന്നത്. മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രം ദി ഗ്രേറ്റ്ഫാദര്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ മോഹന്‍ലാല്‍ ചിത്രത്തിന് കഴിയുമോ എന്നതാണ് ആദ്യദിനത്തിലെ പ്രധാന വെല്ലുവിളി. എന്നാല്‍ ഗ്രേറ്റ്ഫാദറിന്‍റെ ആദ്യദിന കളക്ഷന്‍ നിസാരമായി പിന്തള്ളാന്‍ ഈ സിനിമയ്ക്ക് കഴിയുമെന്നാണ് ലാല്‍ ഫാന്‍സിന്‍റെ അഭിപ്രായം. 
 
സുജിത് വാസുദേവിന്‍റെ ഛായാഗ്രഹണവും ഗോപി സുന്ദറിന്‍റെ പശ്ചാത്തല സംഗീതവും 1971ലൂടെ ഒരു പുതിയ ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. 1971ലെ ഇന്ത്യാ - പാക് യുദ്ധം ഏറ്റവും റിയലിസ്റ്റിക്കായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മേജര്‍ മഹാദേവന്‍, മേജര്‍ സഹദേവന്‍ എന്നീ കഥാപാത്രങ്ങളെ മോഹന്‍ലാല്‍ അവതരിപ്പിക്കും. 
 
രാവണപ്രഭുവിലെ അച്ഛന്‍ വേഷത്തിനും പ്രണയത്തിലെ മാത്യൂസിനും ശേഷം മോഹന്‍ലാലിന്‍റെ ഏറ്റവും മികച്ച പകര്‍ന്നാട്ടങ്ങളിലൊന്നായിരിക്കും 1971ലെ മേജര്‍ സഹദേവന്‍.
 
റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് ആണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക