മോഹന്‍ലാല്‍ തൊട്ടാല്‍ 50 കോടി, ഇനി ബജറ്റ് കുതിച്ചുയരും !

തിങ്കള്‍, 27 ഫെബ്രുവരി 2017 (18:00 IST)
മോഹന്‍ലാല്‍ നായകനാകുന്ന സിനിമകളുടെ ബജറ്റ് കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ട്. ഏറ്റവും കുറഞ്ഞത് 20 - 25 കോടി ബജറ്റിലായിരിക്കും ഇനി മോഹന്‍ലാല്‍ സിനിമകള്‍ രൂപം കൊള്ളുക എന്നാണ് സൂചന. മോഹന്‍ലാലിന്‍റെ താരമൂല്യം ഏറ്റവും ഉയര്‍ന്ന സ്ഥിതിയില്‍ നില്‍ക്കുമ്പോള്‍ ബജറ്റിന്‍റെ കാര്യത്തിലുണ്ടാകുന്ന വര്‍ദ്ധന സ്വാഭാവികമാണെന്നും ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.
 
ചെറിയ ബജറ്റില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ സിനിമകള്‍ പോലും 50 കോടിയിലധികം കളക്ഷന്‍ നേടുമെന്ന് ഉറപ്പായിരിക്കുന്ന സാഹചര്യത്തില്‍ മികച്ച ക്വാളിറ്റിയുള്ള സിനിമകള്‍ മാത്രം ചെയ്യാനാണ് മോഹന്‍ലാലിന്‍റെ തീരുമാനമെന്നറിയുന്നു. ക്വാളിറ്റി കൂടുന്തോറും വിപണന സാധ്യതയും കൂടും.
 
താരതമ്യേന ചെറിയ ബജറ്റില്‍ ഒരുങ്ങിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ 50 കോടി ക്ലബില്‍ ഇടം നേടിയതോടെ മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള താരം താന്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ഇനി ഒരുങ്ങുന്ന മോഹന്‍ലാല്‍ പ്രൊജക്ടുകളില്‍ പലതും വന്‍ ബജറ്റിലാണ് വരുന്നത്.
 
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചെലവ് 30 കോടിക്ക് മുകളില്‍ പോകുമെന്നാണ് സൂചന. ഇന്ത്യയിലും വിദേശത്തും മോഹന്‍ലാല്‍ എന്ന താരത്തിനുള്ള സ്വീകാര്യത, ബജറ്റ് എത്ര അധികമായാലും വമ്പന്‍ ലാഭം നേടാന്‍ സഹായിക്കുമെന്നാണ് സംവിധായകരും നിര്‍മ്മാതാക്കളും കണക്കുകൂട്ടുന്നത്.
 
ഇതിനൊരു ദോഷവശം കൂടിയുണ്ട്. കണ്ണീര്‍ത്തുള്ളി പോലെ തെളിമയും ശുദ്ധിയുമുള്ള ഒരു കഥ ലഭിച്ചാല്‍ അതുമായി മോഹന്‍ലാലിനെ സമീപിക്കാന്‍ തിരക്കഥാകൃത്തുക്കളും സംവിധായകരും മടിക്കും എന്നതാണ് അത്. അതുകൊണ്ടുതന്നെ ചെറിയ സിനിമകള്‍ക്ക് കൂടി മോഹന്‍ലാല്‍ പരിഗണന നല്‍കണമെന്ന അഭ്യര്‍ത്ഥനയും അവര്‍ മുമ്പോട്ടുവയ്ക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക