മോഹന്‍ലാല്‍ ചിത്രത്തിനായി ചുവന്നതെരുവ് സൃഷ്ടിച്ചു!

വ്യാഴം, 23 ഫെബ്രുവരി 2017 (18:06 IST)
മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു അഭിമന്യു. 1991ല്‍ മുംബൈ അധോലോകത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമ സാങ്കേതികമേന്‍‌മയില്‍ ഇപ്പോഴും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒന്നാണ്.
 
ഈ സിനിമയിലെ ചില പ്രധാനരംഗങ്ങള്‍ മുംബൈയിലെ ചുവന്ന തെരുവില്‍ ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ചുവന്ന തെരുവില്‍ ആ രംഗങ്ങള്‍ ചിത്രീകരിക്കുക സാധ്യമായിരുന്നില്ല. അങ്ങനെയാണ് അഭിമന്യുവിനായി ചുവന്നതെരുവ് സെറ്റിട്ടത്.
 
മദ്രാസിലെ വീനസ് സ്റ്റുഡിയോയിലാണ് അന്ന് ഏഴുലക്ഷം രൂപ ചെലവില്‍ ചുവന്ന തെരുവിന്‍റെ സെറ്റിട്ടത്. തോട്ടാധരണിയായിരുന്നു കലാസംവിധായകന്‍. തോട്ടാധരണിയുടെ ആദ്യ മലയാളചിത്രം കൂടിയായിരുന്നു അഭിമന്യു. 
 
അതൊരു സെറ്റാണെന്ന് ആര്‍ക്കും മനസിലാകാത്തത്ര ഒറിജിനാലിറ്റിയോടെയായിരുന്നു തോട്ടാധരണിയും പ്രിയദര്‍ശനും ഛായാഗ്രാഹകന്‍ ജീവയും ചുവന്ന തെരുവ് ഒരുക്കിയത്. എന്തായാലും അഭിമന്യുവിലെ സുപ്രധാനരംഗങ്ങളില്‍ പലതും ആ സെറ്റില്‍ വച്ച് ചിത്രീകരിച്ചു. 
 
മണിരത്നത്തിന്‍റെ ദളപതിക്ക് വേണ്ടി തോട്ടാധരണി ഒരുക്കിയ സെറ്റുകള്‍ കണ്ടാണ് പ്രിയദര്‍ശന്‍ അഭിമന്യുവിനായി അദ്ദേഹത്തെ ക്ഷണിച്ചത്.

വെബ്ദുനിയ വായിക്കുക