മോഹന്‍ലാലിന് 'ഭാരതരത്നം' !

ചൊവ്വ, 13 ജനുവരി 2015 (12:19 IST)
മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയ്ക്ക് 'ഭാരതരത്നം' എന്ന് പേരിട്ടതായി സൂചന. 'ദൌത്യം' അനില്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ മിലിട്ടറി പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലറാണ്. ഇന്ത്യന്‍ പട്ടാളത്തിലെ മുന്‍ ഇന്‍റലിജന്‍സ് ഓഫീസറായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ ഹൈദരാബാദില്‍ ഒരു സെക്യൂരിറ്റി സ്ഥാപനം നടത്തുകയാണ്. അങ്ങനെയിരിക്കെ ഇയാളെ തേടി ഒരു മിഷന്‍ എത്തുന്നു.
 
‘ദൌത്യ’ത്തേക്കാള്‍ ആവേശകരമായ ഒരു പട്ടാള സിനിമയായിരിക്കും ഇതെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഭാരതരത്നം പൂര്‍ണമായും ഹൈദരാബാദിലാണ് ചിത്രീകരിക്കുന്നത്.
 
മോഹന്‍ലാലിന്‍റെ മികച്ച ചില സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് അനില്‍. അടിവേരുകള്‍, ദൗത്യം, സൂര്യഗായത്രി എന്നിവയാണ് മോഹന്‍ലാലിനെ നായകനാക്കി അനില്‍ സംവിധാനം ചെയ്ത സിനിമകള്‍. ഇവ മൂന്നും മികച്ച വിജയങ്ങളായിരുന്നു. മോഹന്‍ലാല്‍ എന്ന സാഹസിക നായകനെ മലയാളികള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തിയ ചിത്രമായിരുന്നു ദൌത്യം. അധികം ഡയലോഗുകളൊന്നുമില്ലാതെ, ഏതാണ്ട് പൂര്‍ണമായും വനത്തിനുള്ളില്‍ ചിത്രീകരിച്ച ആ സിനിമയുടെ ത്രില്‍ ഇതുവരെ മലയാളികളെ വിട്ടൊഴിഞ്ഞിട്ടില്ല. സൂര്യഗായത്രി ഒരു മികച്ച സിനിമയായിരുന്നു. മോഹന്‍ലാലിന്‍റെ ഗംഭീര അഭിനയപ്രകടനവും ഒന്നാന്തരം ഗാനങ്ങളും ആ സിനിമയെ വേറിട്ടുനിര്‍ത്തി. 1986ല്‍ കരിയര്‍ ആരംഭിച്ച അനില്‍ ഇതുവരെ നാലുസിനിമകള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ. ഈ മൂന്ന് സിനിമകള്‍ കൂടാതെ ‘ഗംഗോത്രി’ എന്ന സുരേഷ്ഗോപിച്ചിത്രം കൂടിയാണ് അനിലിന്‍റേതായി ലഭിച്ചത്.
 
വാല്‍ക്കഷണം: സൂര്യഗായത്രിക്ക് ശേഷം 1993ല്‍ മോഹന്‍ലാലിനെ നായകനാക്കി അനില്‍ ഒരു സിനിമ പ്ലാന്‍ ചെയ്തു. ‘ബ്രഹ്‌മം’ എന്ന് പേരിട്ട ഒരു പൊലീസ് സ്റ്റോറിയായിരുന്നു അത്. ഏതാനും ദിവസം ചിത്രീകരണവും നടന്ന ശേഷം സിനിമ ചില സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിപ്പോയി. ആ സിനിമ പിന്നീട് സുരേഷ്ഗോപിയെ നായകനാക്കി ഐ വി ശശി സംവിധാനം ചെയ്ത് പുറത്തിറക്കി. ‘ദി സിറ്റി’ എന്നായിരുന്നു ചിത്രത്തിന് പേര്.

വെബ്ദുനിയ വായിക്കുക