ചില സംവിധായകരുണ്ട്, തിരക്കഥയില്‍ ഉള്ളതെല്ലാം ഷൂട്ട് ചെയ്യും. അവസാനം എഡിറ്റിംഗ് ടേബിളിലെത്തുമ്പോള്‍ വേണ്ടതില്‍ ഇരട്ടിയിലധികം കണ്ടന്‍റ് ഉണ്ടാകും. ഒടുവില്‍ എല്ലാം വെട്ടിയൊതുക്കി രണ്ടോ രണ്ടരയോ മണിക്കൂറിലാക്കും. നിര്‍മ്മാതാവിന് ലക്ഷങ്ങളുടെ നഷ്ടമാണ് അതുണ്ടാക്കുക. പക്ഷേ, മികച്ച തിരക്കഥയാണെങ്കില്‍, അതില്‍ ഒഴിവാക്കാന്‍ ഒരു രംഗം പോലുമില്ലാത്ത സാഹചര്യമാണെങ്കില്‍ അത് ഷൂട്ട് ചെയ്യുക എന്നത് കുറ്റമായും പറയാന്‍ പറ്റില്ല. എങ്കിലും ഷൂട്ടിന് മുമ്പ് സ്ക്രിപ്റ്റ് എഡിറ്റ് ചെയ്യുന്നത് ചെലവ് ചുരുക്കാന്‍ സഹായകമാണ്.
പ്രിയദര്‍ശനെപ്പറ്റി എഡിറ്റര്‍മാര്‍ പറയുന്നത്, ദൃശ്യങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാകില്ല എന്നാണ്. അതായത്, ഒരു പാട്ട് ആണ് എഡിറ്റ് ചെയ്യുന്നതെങ്കില്‍ അതിലേക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ മനോഹരമായ വിഷ്വല്‍സ് പ്രിയന്‍ എടുത്ത് നല്‍കിയിരിക്കും. പ്രിയന്‍ സിനിമകള്‍ ഇത്രയും സുന്ദരമാകുന്നതിന് പ്രധാന കാരണം അതാണ്.
പ്രിയദര്‍ശന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ ‘കിലുക്കം’ എഡിറ്റിംഗ് ടേബിളില്‍ അഞ്ചുമണിക്കൂറില്‍ ഏറെയുണ്ടായിരുന്നു. ഒടുവില്‍ അത് 156 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയാക്കി വെട്ടിച്ചുരുക്കുമ്പോള്‍ നഷ്ടമായത് മനോഹരമായ ഒട്ടേറെ രംഗങ്ങളാണ്. എന്നാല്‍ അവയൊക്കെ ഒഴിവാക്കുകയല്ലാതെ എഡിറ്റര്‍ എന്‍ ഗോപാലകൃഷ്ണന് വേറെ വഴിയുണ്ടായിരുന്നില്ല.