എ ആര് മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ്ബാബു നായകനാകും. തമിഴിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന ഈ സിനിമയില്‍ മഹേഷ്ബാബു നിര്‍മ്മാണ പങ്കാളിയാകുമെന്നും സൂചനയുണ്ട്.
‘അകിര’ എന്ന ഹിന്ദിച്ചിത്രത്തിന്റെ ജോലികളിലാണ് ഇപ്പോള്‍ മുരുഗദോസ്. സൊനാക്ഷി സിന്‍ഹ നായികയാകുന്ന ഈ ചിത്രം തമിഴ് ചിത്രമായ മൌനഗുരുവിന്റെ റീമേക്കാണ്. അകിരയ്ക്ക് ശേഷം വിജയ് നായകനാകുന്ന പ്രൊജക്ടാണ് മുരുഗദോസ് പ്ലാന്‍ ചെയ്തിരുന്നതെങ്കിലും അത് നീണ്ടുപോകുമെന്നതിനാല്‍ ആ സമയത്ത് മഹേഷ് ബാബു ചിത്രം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.
ഓഗസ്റ്റ് ഏഴിന് മഹേഷ് ബാബുവിന്റെ ബ്രഹ്മാണ്ഡചിത്രമായ ‘ശ്രിമന്തുടു’ പ്രദര്‍ശനത്തിനെത്തുകയാണ്. അതേ ദിവസം തന്നെ ഈ സിനിമയുടെ തമിഴ് പതിപ്പായ സെല്വന്തനും പുറത്തിറങ്ങും. തെലുങ്കിലൊപ്പം തമിഴിലും തന്റെ സ്റ്റാര്‍ പവര്‍ വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് രണ്ടുഭാഷകളിലുമായി മഹേഷ്ബാബു ഭാവി ചിത്രങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്.