മല്ലുസിംഗ്: ശരാശരി കോമഡിച്ചിത്രം

വെള്ളി, 4 മെയ് 2012 (16:46 IST)
PRO
മല്ലുസിംഗ് ഏറെ പ്രതീക്ഷകളോടെയാണ് മലയാളികള്‍ കാത്തിരുന്നത്. പോക്കിരിരാജയ്ക്കും സീനിയേഴ്സിനും ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം. എന്നാല്‍ സിനിമ ഒരു ശരാശരി കോമഡിച്ചിത്രം മാത്രമായി ഒതുങ്ങി എന്നാണ് എല്ലാ സെന്‍ററുകളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. മോശം തിരക്കഥയാണ് സിനിമയുടെ രസം കൊല്ലുന്നത്. ക്ലൈമാക്സില്‍ പല കേന്ദ്രങ്ങളിലും കൂവല്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വളരെ കളര്‍ഫുളാണ് മല്ലുസിംഗ്. പഞ്ചാബാണ് കഥ പറയാന്‍ തെരഞ്ഞെടുത്തിരിക്കുന്ന ലൊക്കേഷന്‍. അതുകൊണ്ടുതന്നെ വിഷ്വല്‍ ബ്യൂട്ടിയില്‍ സമീപകാലത്തെ ഏറ്റവും മികച്ച ട്രീറ്റാണ് മല്ലുസിംഗ് നല്‍കുന്നതത്രെ. എന്നാല്‍ ദുര്‍ബലമായ കണ്ടന്‍റ് സിനിമയെ കൊല്ലുകയാണ്.

ഏഴുവര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ബന്ധുവും സുഹൃത്തുമായ ഹരിയെ തേടി പഞ്ചാബിലെത്തുകയാണ് അനി(കുഞ്ചാക്കോ ബോബന്‍). അവിടെ അവന് ഹരിയെ കാണാനായില്ല, പകരം ഹരീന്ദര്‍ സിംഗ് എന്ന പഞ്ചാബിയെ കണ്ടൂമുട്ടുന്നു. ഹരിതന്നെയാ‍ണോ ഹരീന്ദര്‍ സിംഗ്? അത് കണ്ടെത്താനുള്ള അനിയുടെ ശ്രമങ്ങളാണ് ചിത്രത്തിന്‍റെ കാതല്‍.

ഒരു കൊമേഴ്സ്യല്‍ ഹിറ്റ് ചിത്രത്തിന് വേണ്ട എലമെന്‍റ് ഈ സബ്ജക്ടിലുണ്ടെങ്കിലും ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇഴഞ്ഞുനീങ്ങുകയാണ് സേതുവിന്‍റെ സ്ക്രിപ്റ്റ് എന്നാണ് പ്രേക്ഷകാഭിപ്രായം. ക്ലൈമാക്സിനെക്കുറിച്ച് വളരെ മോശം എന്ന പ്രതികരണമാണ് ലഭിക്കുന്നത്. ക്ലൈമാക്സില്‍ ഒരു സര്‍പ്രൈസ് ഉണ്ട്. എന്നാല്‍ ആ സര്‍പ്രൈസ് പോലും നിലയ്ക്കാത്ത കൂവലോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതത്രെ.

വളരെ സില്ലിയായ മുഹൂര്‍ത്തങ്ങളിലൂടെ നീങ്ങുന്ന സിനിമയിലെ ഫൈറ്റ് രംഗങ്ങളൊക്കെ മടുപ്പിക്കുന്നതാണെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഗാനരംഗങ്ങള്‍ രസകരമാണെങ്കിലും അത് അനാവശ്യ ഇടങ്ങളില്‍ പ്ലേസ് ചെയ്തിരിക്കുന്നത് വിരസതയുളവാക്കുന്നു.

ഉണ്ണിമുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, രൂപ മഞ്ജരി, സംവൃത എന്നിവര്‍ തിളങ്ങി. എന്നാല്‍ കഥയില്ലായ്മ കൊണ്ട് ചുറ്റിത്തിരിയുന്ന ഒരു സിനിമയെ വ്യക്തിഗത മികവുകള്‍ക്ക് രക്ഷപ്പെടുത്താനാകുമോ? കാത്തിരുന്ന് കാണാം.

വെബ്ദുനിയ വായിക്കുക