മലയാളത്തില്‍ ബിഗ് ഹിറ്റ്, ഭാസ്കര്‍ ദി റാസ്കല്‍ തമിഴിലേക്കും ഹിന്ദിയിലേക്കും !

ശനി, 18 ഏപ്രില്‍ 2015 (16:07 IST)
ചരിത്രം ആവര്‍ത്തിച്ചു. സിദ്ദിക്കിന്‍റെ മൂന്നാമത്തെ മമ്മൂട്ടിച്ചിത്രവും മെഗാഹിറ്റ്. ഹിറ്റ്ലറിനും ക്രോണിക് ബാച്ച്‌ലറിനും ശേഷം സിദ്ദിക്ക് സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം ഭാസ്കര്‍ ദി റാസ്കല്‍ കേരളക്കരയാകെ തരംഗമായി മാറുകയാണ്. തകര്‍പ്പന്‍ ചിരിയുത്സവമായ ആദ്യപകുതിയും ആക്ഷനും കോമഡിയും മിക്സ് ചെയ്ത രണ്ടാം പകുതിയും ചേര്‍ന്ന് ഒരു സമ്പൂര്‍ണ വിഷു എന്‍റര്‍ടെയ്നറാണ് സിദ്ദിക്ക് ഒരുക്കിയിരിക്കുന്നത്.
 
ആദ്യ രണ്ടുനാളുകളില്‍ മൂന്നുകോടിയിലേറെ കളക്ഷന്‍ നേടിയ ഭാസ്കര്‍ ദി റാസ്കല്‍ മമ്മൂട്ടിയുടെ കരിയറിലെ തന്നെ വലിയ വിജയചിത്രമാകുമെന്നാണ് റിപ്പോര്‍ട്ട്. ലോകമെമ്പാടുമായി 450 സ്ക്രീനുകളിലാണ് ഭാസ്കര്‍ ദി റാസ്കല്‍ കളിക്കുന്നത്. 
 
അതേസമയം, മറ്റൊരു വിവരവും ലഭിക്കുന്നു. ഭാസ്കര്‍ ദി റാസ്കല്‍ റീമേക്ക് ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യാനാണ് തീരുമാനം. സിനിമയുടെ റീമേക്ക് അവകാശങ്ങള്‍ വന്‍ തുകയ്ക്ക് വിറ്റുപോയതായും ചില വിവരങ്ങള്‍ കിട്ടുന്നു.
 
തമിഴിലും ഹിന്ദിയിലും ഭാസ്കര്‍ സംവിധാനം ചെയ്യുക സിദ്ദിക്ക് തന്നെ ആയിരിക്കും. തമിഴില്‍ വിജയ്, അജിത് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ ഭാസ്കറാകാന്‍ മത്സരം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഹിന്ദിയില്‍ സല്‍‌മാന്‍ നായകനാകുമെന്നും സൂചന ലഭിക്കുന്നു.

വെബ്ദുനിയ വായിക്കുക